ഔദ്യോഗിക വിവരം ചോർത്തി നൽകി: പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

പൊലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.  തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ അനസ് പി കെ യെയാണ് സർവീസിൽ നിന്നും  പിരിച്ചു വിട്ടത്.

ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അക്രമസംഭവങ്ങളിൽ പങ്കാളികളാവുകയും നേതൃത്വം നൽകുകയും ചെയ്ത ആർ.എസ്.എസ് പ്രവർത്തകരുടെ വ്യക്തി വിവരങ്ങൾ പോലീസ് ശേഖരിച്ചത് എസ്ഡിപിഐ  പ്രവർത്തകർക്ക് ചോർത്തി നൽകിയ സംഭവത്തിൽ ആണ് നടപടി.

പോലീസിന്റെ ഔദ്യോഗിക വിവരം ചോർത്തിയെന്ന ആരോപണം ശരിവക്കുന്ന കണ്ടെത്തലുകളോടെ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ.ജി ലാൽ അന്വേഷണ റിപ്പോർട്ട് ജില്ല പോലീസ് മേധാവിക്ക് നൽകിയിരുന്നു. തുടർന്ന് അനസിന് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെട്ട ശേഷമാണ് ഇടുക്കി എസ് പി പിരിച്ചുവിടാനുള്ള  ഉത്തരവ് ഇറക്കിയത്.

കുറ്റകൃത്യങ്ങളിൽ  ഉൾപ്പെട്ടവരടക്കം ഒട്ടേറെ പേരുടെ വിവരങ്ങൾ അനസ് ചോർത്തിയതായി വകുപ്പുതല അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മതസ്പർധ വളർത്തുന്ന പോസ്റ്റ്  ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടറെ തൊടുപുഴ മങ്ങാട്ടുകവലയിൽ ചിലർ മർദിച്ചിരുന്നു.

ഈ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വ്യക്തി വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ അനസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഇയാളെ ജില്ല പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് സസ്‌പെൻഡ് ചെയ്ത ശേഷമാണ് വിശദമായ അന്വേഷണം നടത്തി ഇപ്പോൾ സർവീസിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News