ഹരിദാസ് കൊലപാതകം; മുന്‍പും കൊല്ലാന്‍ ശ്രമം നടത്തിയിരിന്നുവെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി

ഹരിദാസിനെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരിന്നുവെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി. ഈ മാസം 14ന് കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ മൊഴിയില്‍ പറയുന്നു.ഇതിനായി കൊലയാളി സംഘത്തെ തയ്യാറാക്കി നിര്‍ത്തി. വിമിന്റെ കുറ്റസമ്മത മൊഴിയിലാണ് ഗൂഢാലോചനയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍. റിമാന്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

അതേസമയം, കേസിലെ അറസ്റ്റിലായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികളുടെ മൊബൈല്‍ പരിശോധന വിവരങ്ങള്‍ ഇന്ന് അന്വേഷണസംഘത്തിന് ലഭിക്കുമെന്നാണ് വിവരങ്ങള്‍. കേസില്‍ ഇതുവരെ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ലിജേഷിന് പുറമെ അറസ്റ്റിലായ അമല്‍ മനോഹരന്‍, വിമിന്‍ കെവി, എം സുനേഷ് എന്നിവരും സജീവ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് കൊലയാളി സംഘത്തില്‍ പെട്ട വ്യക്തി എന്നു കരുതുന്ന നിജില്‍ പിടിയിലാവുന്നത്.

കണ്ണൂര്‍ സിറ്റി അഡീ. എസ്പി പ്രിന്‍സ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേണം പുരോഗമിക്കുന്നത്. ഹരിദാസന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയതെന്നും കേസില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തി ഭാര്യയുടെ കൈയില്‍ മീന്‍ നല്‍കി മുറ്റത്ത് കൈകഴുകുന്നതിനിടെയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. വീടിന് സമീപം ബൈക്കുകളിലെത്തി പതിയിരുന്ന സംഘം വടിവാളും മഴുവും കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here