സൂര്യകാന്തി കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങി മൂന്നാറിൽ ഹോര്‍ട്ടികോര്‍പ്പ്

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തി കൃഷി വിജയം കണ്ടെതോടെ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങി മൂന്നാറിൽ ഹോര്‍ട്ടികോര്‍പ്പ്. സൂര്യകാന്തിയുടെ വ്യാവസായിക സാധ്യതകള്‍ കൂടി പരിഗണിച്ച് കൃഷി നടപ്പിലാക്കുവാനാണ്  അധികൃതരുടെ തീരുമാനം. നേരത്തെ സ്ട്രോബറി കൃഷിയും വൻ വിജയമാക്കാൻ ഹോർട്ടി കോർപ്പിന് സാധിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഹോർട്ടികോർപ്പ് സ്‌ട്രോബറി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി തൈകള്‍ നട്ടു തുടങ്ങിയപ്പോൾ സൂര്യകാന്തി ചെടികളും പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറു മാസമെത്തിയതോടെ പ്രതീക്ഷകൾക്കപ്പുറം സൂര്യകാന്തി വളർന്ന് പൂവിട്ടു.

ഇത് പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ ആത്മവിശ്വാവും  പ്രചോദനവുമായി. വ്യാവസായികാടിസ്ഥാനത്തിൽ വളരെയേറെ പ്രാധാന്യമുള്ള സൂര്യകാന്തിക്ക് മൂന്നാറിലെ അന്തരീക്ഷത്തില്‍ വളരുവാന്‍ സാധിക്കുമെന്ന് തെളിഞ്ഞതോടെ കാര്‍ഷിക രംഗത്ത് പുതിയ സാധ്യതകള്‍ തേടുകയാണ് പാര്‍ക്ക് അധികൃതർ.

നിലവില്‍ പൂവിട്ടു കഴിഞ്ഞ സാഹചര്യത്തില്‍ വിത്ത് പാര്‍ക്കില്‍ തന്നെ ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി വരികയാണെന്ന് ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ മാനേജര്‍ പമീല വിമല്‍കുമാര്‍ പറഞ്ഞു.

സ്‌ട്രോബറി കൃഷി കാണുവാനും പഴങ്ങളുടെ രുചി ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികള്‍ക്കും സൂര്യകാന്തി മനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. ആദ്യമായി നടുന്നതിനാല്‍ പുറത്തു നിന്നാണ് സൂര്യകാന്തിയുടെ വിത്തുകള്‍ എത്തിച്ചിരുന്നത്. സ്‌ട്രോബറിയുടെ വിജയത്തിനു പിന്നാലെ സൂര്യകാന്തി  കൂടിയായതോടെ മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പ് ഇരട്ടി സന്തോഷത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here