ദുരന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടിയതോടെ ഇരുട്ടിലായി ഒരു കുടുംബം; കനിവ് തേടി 3 ജീവിതങ്ങള്‍

കനിവ് തേടി 3 ജീവിതങ്ങള്‍.  ദുരന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടിയതോടെ ഇരുട്ടിലായിരിക്കുകയാണ്  പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിലെ ശാന്തിയുടെയും 3 മക്കളുടെയും ജീവിതങ്ങള്‍. ക്യാന്‍സര്‍ രോഗത്താല്‍  അമ്മയും  സഹോദരനും വലയുമ്പോഴും  എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഈ കുടുംബം.

3 കുട്ടികളുടെ ഏക അത്താണിയായിരുന്നു ഈ വീട്ടമ്മ.. അപ്രതീക്ഷിതമായി എത്തിയ  ക്യാന്‍സര്‍ രോഗം ഇവരെ കവര്‍ന്നതോടെ ഇരുട്ടിലായി  ശാന്തിയുടെയും മക്കളുടെയും ജീവിതം. ഭര്‍ത്താവ് ഗോപാലകൃഷ്ണനെ ആറു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം മൂലം നഷ്ടപ്പെട്ടു.

പിന്നീട്  ശാന്തിയുടെ അധ്വാനത്താലായിരുന്നു കുടുംബം മുന്നോട്ടു പോയത്. ഇതിനിടെ സ്വന്തമായുണ്ടായിരുന്ന കിടപ്പാടവും നഷ്ടപ്പെട്ടു.  വാടക വീടുകള്‍ മാറിമാറിയായി  പിന്നീടുള്ള  ജീവിതം . ഇതിനിടെയാണ് ശാന്തിയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ഇതോടെ മൂത്തമകന്‍ സനല്‍ പ്ലസ്ടുവില്‍ പഠനം നിര്‍ത്തി, ജോലിയ്ക്കിറങ്ങി. എന്നാലും വാടകയും ചികിത്സാ ചെലവുകളും ശാന്തിയ്ക്കും മക്കള്‍ക്കും ഇന്ന് താങ്ങാവുന്നതിനപ്പുറമായി മാറി.     ഒടുവില്‍ രണ്ടാമത്തെ മകന്‍ ഹരികൃഷ്‌നെയും രോഗം കീഴ്‌പ്പെടുത്തിയതോടെ കണ്ണീരുണങ്ങാത്ത ദിനങ്ങളില്ല ഇന്നിവര്‍ക്ക്.

തലചായ്ക്കാന്‍ സ്വന്തമായി ഒരു കൂരപോലും ഇല്ലാത്ത ശാന്തിയ്ക്കും മക്കള്‍ക്കും ചുറ്റില്‍ ഇന്ന് ഇരുട്ട് മാത്രം. തന്റെ ചികിത്സ പോലും മാറ്റിവച്ചുകൊണ്ട് ഒന്‍പതാംക്ലാസുകാരനായ  ഹരികൃഷ്ണനും മറ്റ് രണ്ട് സഹോദരന്മാരും കൂടി അമ്മയെ ജീവിതത്തിലേക്ക് തിരികെ നടത്താന്‍ മുട്ടാത്ത വാതിലുകളിന്നില്ല..

അതേസമയം, പഠനം കൂടി പ്രതിസന്ധിയിലായതോടെ മക്കളുടെ ഭാവിയിലാണ് ഈ വീട്ടമ്മയ്ക്ക് ആശങ്ക. അധ്യാപകരും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും മാത്രമാണ് ഇന്നിവര്‍ക്ക് ആശ്രയം.കഴിയുന്നവര്‍ ഇവരെ സഹായിക്കണം.

സഹായത്തിനായി കുടുംബ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്റെ തിരുവല്ല ശാഖയിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പര്‍ 10290100353551, ബാങ്കിന്റെ ഐഎഫ്എസ് സി കോഡ്  എഫ്ഡിആര്‍എല്‍ 0001029

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here