കൂടുതൽ ഉപരോധങ്ങളുമായി അമേരിക്കയും ബ്രിട്ടനും; രണ്ട്‌ പ്രധാന ബാങ്കിന്‌ ഉപരോധം ഏർപ്പെടുത്തി

റഷ്യ ഉക്രൈന്‍ അധിനിവേശം തുടങ്ങിക്കഴിഞ്ഞെന്ന്‌ ആരോപിച്ച്‌ കൂടുതൽ  റഷ്യയിലെ  രണ്ട്‌ പ്രധാന ബാങ്കിന്‌ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രഖ്യാപിച്ചു. വിഇബിക്കും സൈനിക ബാങ്കായ പിഎസ്‌ബിക്കുമാണ്‌ ഉപരോധം. റഷ്യയുടെ വിദേശ കടമെടുപ്പിന്‌ പൂർണ ഉപരോധം ഏർപ്പെടുത്തുന്നതായും പ്രഖ്യാപിച്ചു.

ഡ്യൂമയിൽ ഡൊണെട്‌സ്ക്‌, ലുഹാൻസ്ക്‌ എന്നിവയെ സ്വതന്ത്ര റിപ്പബ്ലിക്കായി അംഗീകരിക്കുന്ന പ്രമേയത്തെ അനുകൂലിച്ച 351 അംഗങ്ങൾക്ക്‌ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. പ്രതിരോധ, ബാങ്കിങ്‌ മേഖലയിലെ  27 ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും എതിരെയും ഉപരോധം. യൂറോപ്യൻ യൂണിയനിൽനിന്നും വിപണികളിൽനിന്നും ധനസഹായം ലഭ്യമാക്കില്ല.

ഇതോടെ, റഷ്യക്ക്‌ പാശ്ചാത്യ വിപണിയിൽനിന്ന്‌ കടമെടുക്കാനോ സാമ്പത്തിക സഹായം സ്വീകരിക്കാനോ കഴിയാതാകും.റഷ്യയിലെ ധനികർക്കും കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തും. നോർഡ്‌ സ്‌ട്രീം 2 ഗ്യാസ്‌ പൈപ്പ്‌ലൈൻ പ്രവർത്തനം മുന്നോട്ടുപോകില്ലെന്ന്‌ ഉറപ്പാക്കുമെന്നും ബൈഡൻ വ്യക്തമാക്കി.

ജപ്പാനിൽ റഷ്യൻ ബോണ്ടുകൾ ഇറക്കുന്നത്‌ നിരോധിച്ചതായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. ഡൊണെട്സ്ക്‌, ലുഹാൻസ്ക്‌ മേഖലകളിൽനിന്നുള്ളവർക്ക്‌ വിസ നിരോധനം ഏർപ്പെടുത്തി. റഷ്യയെ ഒറ്റപ്പെടുത്താൻ സഖ്യരാഷ്ട്രങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന്‌ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ വ്യക്തമാക്കി.

ന്യൂസിലൻഡിൽ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി സർക്കാർ പ്രതിഷേധം അറിയിച്ചു. റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നത്‌ ചർച്ച ചെയ്യാൻ വിദേശ, വ്യാപാര മന്ത്രാലയം യോഗം ചേർന്നു.

അഞ്ച്‌ റഷ്യൻ ബാങ്കിനും മൂന്ന്‌ ശതകോടീശ്വരർക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. റഷ്യ അധിനിവേശം തുടർന്നാൽ കൂടുതൽ ഉപരോധം ഉണ്ടാകുമെന്ന്‌ നാറ്റോ മേധാവി ജെൻസ്‌ സ്‌റ്റോൾട്ടൻബെർഗ്‌ മുന്നറിയിപ്പ്‌ നൽകി.പുതിയ സാഹചര്യത്തിലും ഉക്രയ്‌നിലേക്ക്‌ ആയുധം കയറ്റി അയക്കേണ്ടെന്ന മുൻ തീരുമാനത്തിൽ മാറ്റമില്ലെന്ന്‌ ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസ്‌ അറിയിച്ചു.

ഉക്രയ്‌ന്‌ സൈനികസഹായം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ ദക്ഷിണ കൊറിയ വ്യക്തമാക്കി. എന്നാൽ, റഷ്യക്കെതിരെ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിൽ അമേരിക്കയുമായി സഹകരിക്കും. ബർലിൻ റഷ്യൻ എംബസിക്കുമുന്നിൽ ജനങ്ങൾ പ്രതിഷേധിച്ചു. കിഴക്കൻ ഉക്രയ്‌നിൽനിന്ന്‌ റഷ്യ പിന്മാറണമെന്ന്‌ ആവശ്യപ്പെടുന്ന പോസ്‌റ്ററുകളുമായായിരുന്നു പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News