ഉക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; ഓഹരിവിപണി കൂപ്പുകുത്തി

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു. സെന്‍സെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തില്‍ 16,655ലുമാണ് വ്യാപാരം ആരംഭിച്ചത്.
അതേസമയം ഏഴാമത്തെ ദിവസമാണ് വിണി നഷ്ടത്തില്‍ തുടരുന്നത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. മൂന്നുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുപിഎല്‍, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നഷ്ടത്തില്‍. നെസ് ലെ മാത്രമാണ് നേരിയ നേട്ടത്തിലുള്ളത്.

അതേസമയം സൈനിക നീക്കത്തിന് റഷ്യ മുതിര്‍ന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. 2014നുശേഷം ഇതാദ്യമായാണ് എണ്ണവില 100 ഡോളര്‍ കടക്കുന്നത്.

അതേസമയം ഉക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രൈനില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്.

ഖാര്‍കിവ്, ഒഡെസ, കിഴക്കന്‍ ഡൊനെറ്റ്‌സ്‌ക് ഒബ്ലാസ്റ്റ് പ്രദേശം എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി സോഷ്യല്‍ മീഡിയയില്‍ അപ്ഡറ്റുകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം ഉക്രൈനും സഖ്യത്തിനുമെന്ന് പുടിന്‍ അറിയിച്ചു.

ഉക്രൈന്‍ തലസ്ഥാനമായി കീവില്‍ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കീവില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ പ്രതികരിച്ചു.. നയതന്ത്ര തലത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

ഉക്രൈനില്‍ സൈനിക നടപടി അനിവാര്യമാണ്. റഷ്യന്‍ നീക്കത്തിനെതിരെ ബാഹ്യ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു. ഉക്രൈനിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് പുടിന്‍ ഉത്തരവിട്ടത്.

ഇതിനിടെ, യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പുടിനോട് ആവശ്യപ്പെട്ടു.

തിരിച്ചടിച്ചാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ പ്രത്യേക യോഗം ചേരും. അതേസമയം റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് യുക്രൈന്‍.

റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് ഉക്രൈന്‍ അറിയിച്ചു. നടപടികള്‍ക്കെതിരെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് ദേശീയ സുരക്ഷാ സമിതി നിര്‍ദേശം നല്‍കിയത്.

ഉക്രൈനില്‍ റഷ്യന്‍ ആക്രമണം ഉടനുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ഉക്രൈന്‍ മേഖലയിലെ വ്യോമാര്‍തിര്‍ത്തി റഷ്യ അടച്ചാതായാണ് റിപ്പോര്‍ട്ട്. അതേസമയം യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലോദ്മിര്‍ സെലന്‍സ്‌കി. ഏതുനിമിഷവും യുദ്ധമുണ്ടായാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നാറ്റോ സൈനിക ശക്തികള്‍ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായി ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും വ്‌ലോദ്മിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഉക്രൈനിന്റെ പലഭാഗത്ത് നിന്നും കൂട്ടപലായനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here