മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റ്; കേന്ദ്രത്തിന് മുന്നില്‍ മഹാരാഷ്ട്ര മുട്ടു മടക്കില്ലെന്ന് ശരദ് പവാര്‍

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിന്റെ കൂട്ടാളികളുമായി ബന്ധപ്പെട്ട സാമ്പത്തിക, ഭൂമി ഇടപാടുകള്‍ ആരോപിച്ചാണ് കഴിഞ്ഞ ദിവസം നവാബ് മാലിക്കിനെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

നവാബ് മാലിക് വാങ്ങിയ സ്വത്തുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചത്. അറസ്റ്റിന് ശേഷം ജെ ജെ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനായ മന്ത്രി മാലിക് മാര്‍ച്ച് മൂന്ന് വരെ ഇ ഡി കസ്റ്റയിലായിരിക്കും .

അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധവുമായി എന്‍ സി പി പ്രവര്‍ത്തകര്‍ ഇ ഡി ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി.

ഇതിന് പിന്നാലെ പ്രതിഷേധവുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തി

കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കെതിരെ മുട്ടുമടക്കില്ലെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു . കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് നവാബ് മാലിക്കിനെ വേട്ടയാടുന്നതെന്നും പവാര്‍ വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും മുതിര്‍ന്ന മാറാത്ത നേതാവ് ആരോപിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് നടപടിക്കെതിരെ ശിവസേനയും കോണ്‍ഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികള്‍ മാഫിയ സംഘമാണെന്നാണ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തിയത്. മഹാ വികാസ് അഘാഡി സര്‍ക്കാര്‍ പിന്നില്‍ നിന്ന് ആക്രമിക്കപ്പെടുകയാണെന്നും മുതിര്‍ന്ന ശിവസേന നേതാവ് പരാതിപ്പെട്ടു

മുതിര്‍ന്ന മന്ത്രിയും നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് വീട്ടില്‍ നിന്ന് കൊണ്ടുപോയ രീതി മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതാണെന്ന് സഞ്ജയ് റൗത് പറഞ്ഞു. ഒരു കേന്ദ്ര ഏജന്‍സി സംസ്ഥാനത്ത് വന്ന് ഒരു മന്ത്രിയെ കൊണ്ടുപോയിരിക്കുകയാണെന്നും ഭാവിയില്‍ ബിജെപിയും അന്വേഷണം നേരിടേണ്ടി വരുമെന്നും അത് മറുന്നുപോകരുതെന്നാണ് സഞ്ജയ് റൗത് വെല്ലുവിളിച്ചിരിക്കുന്നത് .

നവാബ് മാലിക്കിനെതിരെയുള്ളത് പ്രതികാര നടപടികളാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ആരോപിച്ചു.

നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. ഇതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പോര്‍വിളി ശക്തമായിരിക്കയാണ്.

മന്ത്രി രാജി വെക്കേണ്ട എന്നാണ് സഖ്യത്തിലെ ധാരണ.ബിജെപി കേന്ദ്ര ഏജന്‍സികളെ മന്ത്രിമാര്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കയാണ്. .അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. മാര്‍ച്ച് മൂന്നു വരെയാണ് കോടതി നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തമായിരിക്കയാണ്.

ശിവസേന കോണ്‍ഗ്രസ് എന്‍ സി പി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയാണ് അറസ്റ്റിലാകുന്നത്. മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അജിത് പവാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും അന്വേഷണം നേരിടുകയാണ്.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വരുത്തിയാണ് നവാബ് മാലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് രാവിലെ ഏഴ് മണിക്കാണ് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് കൊണ്ടുപോയത്.

കേന്ദ്ര സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്ന നവാബ് മാലിക് നര്‍കോട്ടിക്‌സ് കണ്ട്രോള്‍ ബ്യുറോയ്ക്കും മുംബൈ മേധാവി സമീര്‍ വാങ്കഡെക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here