പ്രൈം വോളി ലീഗ്; ആദ്യ സെമിയില്‍ അഹമ്മദാബാദ് ഹൈദരാബാദിനെ നേരിടും

പ്രൈം വോളി ലീഗില്‍ സെമി ലൈനപ്പായി. ആദ്യ സെമിയില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്‌സിനെ നേരിടും. രാത്രി 7 നാണ് മത്സരം.

ഗച്ചി ബൌളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇനി ബാക്കിയുള്ളത് മൂന്നേ മൂന്ന് മത്സരങ്ങള്‍ മാത്രം. പ്രഥമ പ്രൈം വോളി ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയാനുള്ള മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഹൈദരാബാദ് ബ്ലാക് ഹോക്ക്‌സിനെ നേരിടും. കളിച്ച 6 മത്സരങ്ങളില്‍ 5 എണ്ണത്തിലും ജയിച്ചാണ് അഹമ്മദാബാദിന്റെ സെമിഫൈനല്‍ പ്രവേശം. മുത്തു സാം നായകനായ അഹമ്മദാബാദിന്റെ സൂപ്പര്‍ താരങ്ങള്‍ മലയാളി താരം ഷോണ്‍ ടി ജോണും അങ്കമുത്തുവും ആണ്. അതേസമയം വിപുല്‍കുമാര്‍ നയിക്കുന്ന ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്‌സും ഫൈനല്‍ പ്രതീക്ഷയിലാണ്.

എസ്.വി ഗുരുപ്രശാന്ത്, അമിത് ഗുലിയ എന്നിവര്‍ പുറത്തെടുക്കുന്നത് തകര്‍പ്പന്‍ പ്രകടനമാണ്. മലയാളി ലിബറോ കെ ആനന്ദിന്റെ വിസ്മയ പ്രകടനവും ഹൈദരാബാദിന് തുണയാകും. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ജെറോം വിനീത് നായകനായ കാലിക്കറ്റ് ഹീറോസിന് അശ്വല്‍ റായി നായകനായ കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ടാണ് എതിരാളി. പുറത്താകല്‍ ഉറപ്പിച്ചിടത്തു നിന്നും വീരോചിത പ്രകടനത്തിലൂടെ ആരാധകരെ ത്രസിപ്പിച്ചായിരുന്നു ഹീറോസിന്റെ സെമി പ്രവേശം. മലയാളി താരങ്ങള്‍ നിറഞ്ഞ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ ട്ടും കാലിക്കറ്റ് ഹീറോയും തമ്മിലുള്ള മത്സരം ഗച്ചിബൌളിയെ ആവേശത്തിരയിലാക്കും. ഞായറാഴ്ചയാണ് ക്ലബ്ബ് വോളിയിലെ രാജാക്കന്മാര്‍ ആരെന്ന് അറിയാനുള്ള കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here