യുഡിഎഫിനും ബിജെപിക്കും വിവാദങ്ങളിലാണ് താല്‍പര്യം, പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല : ആഞ്ഞടിച്ച് മുഖ്യമന്ത്രി

വിവാദമുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസ്സമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും പരസ്പരം യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്ന് നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

ജനങ്ങള്‍ക്ക് എല്‍ ഡി എഫില്‍ പ്രതീക്ഷയുണ്ട്. എല്‍ ഡി എഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടര്‍ന്നാല്‍ വിസ്മയകരമായ വികസനത്തിലേക്കു കേരളം ഉയരും എന്നതും ജനങ്ങള്‍ കാണുന്നു. ഇതറിയാത്തവരല്ല കോണ്‍ഗ്രസും ബി ജെ പിയും. അറിയുന്നതുകൊണ്ടുതന്നെ ഒറ്റക്കും കൂട്ടായും ഇതിനെ തടയാന്‍ ഇടപെടുകയാണ് ഇരുകൂട്ടരും.

നല്ല നേട്ടങ്ങളെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ വല്ലാതെ ശ്രമിക്കുന്നു എന്നതാണ് കേരളത്തിന്റെ ദുരനുഭവം. 1957-59 ഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാന്‍ ഇവിടെ അവിശുദ്ധകൂട്ടുകെട്ടുകളുണ്ടായി. ഇപ്പോള്‍ വികസനത്തെ അട്ടിമറിക്കാന്‍ സമാനമായ അവിശുദ്ധക്കൂട്ടുകെട്ട് ഇവിടെ ഉണ്ടാവുകയാണ്.

ഭൂപരിഷ്‌കരണമുണ്ടായാല്‍ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ പുരോഗമനപരമായി മാറിപ്പോകും എന്ന ആശങ്കയാണ് അന്ന് വലതുപക്ഷ കക്ഷികളെ ഒരുമിപ്പിച്ചതെങ്കില്‍ കെ-റയില്‍ അടക്കമുള്ള വികസന പദ്ധതികളുണ്ടായാല്‍ തങ്ങള്‍ക്കു കളിക്കാന്‍ ഒരു കളവും അവശേഷിക്കില്ല എന്ന ഉത്കണ്ഠയാണ് എല്ലാ വലതുപക്ഷ ശക്തികളെയും ഒരുമിപ്പിക്കുന്നത്.

ഈ അവിശുദ്ധ യോജിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-റയിലിനെതിരെ സംസ്ഥാനത്തെമ്പാടുമായി നൂറു ജനകീയ സദസ്സുകള്‍ കെ പി സി സി സംഘടിപ്പിക്കുന്നത്. ഇതില്‍ ഇ ശ്രീധരന്‍ അടക്കമുള്ളവരെ പങ്കെടുപ്പിക്കുമെന്നാണ് കെ.പി സി സി പ്രഖ്യാപിച്ചിട്ടുള്ളത്. ആരാ ഇ ശ്രീധരന്‍? നിയമസഭ തിരഞ്ഞെടുപ്പോടെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍.

കേരളത്തിന്റെ പൊതു താല്പര്യങ്ങള്‍ക്കെതിരെ കേന്ദ്രത്തിലേക്കു ബി ജെ പി നിവേദക സംഘത്തെ നയിച്ചയാള്‍! ആ ഇ ശ്രീധരനാണ് കോണ്‍ഗ്രസിന്റെ കണ്ണില്‍ അവര്‍ക്ക് കൂട്ടുപിടിക്കാന്‍ പറ്റിയ ഏറ്റവും യോഗ്യന്‍! അദ്ദേഹത്തെപ്പോലുള്ളവരുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനെതിരായ സമരം നടത്താന്‍ കോണ്‍ഗ്രസ് നീങ്ങുന്നത്.

വിവാദങ്ങളിലാണ് താല്‍പര്യം.. പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല

യുഡിഎഫും വലതുപക്ഷവും എന്തെല്ലാം വിവാദങ്ങള്‍ ഇവിടെ ഉയര്‍ത്തി. ആഴക്കടല്‍ മത്സ്യബന്ധം, സെക്രട്ടറിയേറ്റിലെ ഫയല്‍ കത്തിക്കല്‍, സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ വിവാദം കുത്തിപ്പൊക്കല്‍ എന്നിവയൊക്കെ നോക്കിയല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

വിവാദം കുത്തിപ്പൊക്കാന്‍ ബി ജെ പിയും ഉണ്ടായിരുന്നല്ലോ കൂട്ടിന്. ആ ബി ജെ പിയുടെ കേന്ദ്രാധികാരത്തിന്റെ പക്കലല്ലേ സമസ്ത അധികാരങ്ങളും? കസ്റ്റംസ് മുതല്‍ അങ്ങോട്ട്. എല്ലാംവെച്ച് അന്വേഷിച്ചവര്‍ രണ്ട് ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം പറയാതെ അവശേഷിപ്പിച്ചിരിക്കുകയാണ്.

ചോദ്യം ഒന്ന്: ആരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്?

ചോദ്യം രണ്ട്: ആര്‍ക്കുവേണ്ടിയാണു സ്വര്‍ണ്ണം കൊണ്ടുവന്നത്?

അതായത്, സ്വര്‍ണ്ണക്കടത്തിലെ ആദ്യ കണ്ണിയും അവസാന കണ്ണിയും ആരാണ്?

ഈ രണ്ടു ചോദ്യങ്ങള്‍ക്കു ഇപ്പോഴും ഉത്തരമില്ല. ഈ ചോദ്യങ്ങള്‍ക്കുത്തരം തേടാന്‍ കോണ്‍ഗ്രസ് താല്‍പ്പര്യവുമില്ല. ഇതുപയോഗിച്ച് സര്‍ക്കാരിനെ കരിവാരിത്തേക്കാനുവോ എന്നാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel