തുടര്‍ഭരണം ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍: മുഖ്യമന്ത്രിയുടെ മാസ്സ് മറുപടി

തുടര്‍ഭരണത്തിന്റെ ഈ അവസരത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരെന്ന് നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ . ഹ്രസ്വകാല പദ്ധതികള്‍, ദീര്‍ഘകാല പദ്ധതികള്‍,  വികസന പരിപാടികള്‍, ക്ഷേമ പദ്ധതികള്‍ എന്നിങ്ങനെ വെവ്വേറെ വേര്‍തിരിച്ച്, പദ്ധതി നിര്‍വഹണത്തിനു സമയം നിശ്ചയിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോവുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍.

അഞ്ചു വര്‍ഷ ഭരണഘട്ടത്തെ പ്രത്യേക ഖണ്ഡങ്ങളാക്കി തിരിച്ച് ഓരോ ഖണ്ഡത്തിലും പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ നിര്‍ണയിച്ചു മുന്നോട്ടുപോവുക. കേരളത്തിലിതാദ്യമാണ് ഇങ്ങനെയൊരു ഭരണ സംസ്‌കാരം. ഈ സംസ്‌കാരത്തിന്റെ സംഭാവനയാണ് ഇപ്പോഴത്തെ നൂറുദിന ഘട്ടം. നൂറു നാള്‍കൊണ്ട് ആസൂത്രിത പദ്ധതികള്‍ നടപ്പാക്കുക. ഓരോ ചെറു ഘട്ടങ്ങളിലും അതിന്റെ പുരോഗതി വിലയിരുത്തുക, പോരായ്മയുണ്ടെങ്കില്‍ അവ അപ്പോഴപ്പോള്‍ നികത്തുക. നൂറാം നാള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക.

ഈ നൂറുദിന പരിപാടി പൂര്‍ണതയിലെത്തുമ്പോള്‍ മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികമാവും. വാര്‍ഷികം ആഘോഷമാക്കണമെന്നു കരുതുന്നവരുണ്ട്. ആഘോഷിക്കേണ്ടതു തന്നെയാണ്. എന്നാല്‍ വെറുതേ ആഘോഷമെന്നു പ്രഖ്യാപിച്ചാല്‍ പോര. ആഘോഷത്തിന് അടിസ്ഥാനം നല്‍കുന്ന കാര്യങ്ങളുണ്ടാവണം. അതുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍. അതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂറുദിന പരിപാടികളിലുള്ളത്. കൃത്യമായ കര്‍മ പദ്ധതിയാണത്.

ജനാധിപത്യ സംസ്‌കാരത്തിന്

മുമ്പൊക്കെ രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കിടയ്ക്കുള്ള ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു റോള്‍ ഇല്ല. ആ അവസ്ഥയാണു പുതിയ ഒരു ഭരണ സംസ്‌കാരത്തിലൂടെ മാറ്റുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടും, അവര്‍ക്ക് വേണ്ടത് എന്താണെന്നറിഞ്ഞുകൊണ്ടും സമയബന്ധിതമായി നീങ്ങുകയാണ്. അതു ഫലപ്രാപ്തിയിലെത്തുമ്പോള്‍ ഗവണ്‍മെന്റല്ല, ജനങ്ങള്‍ ഭരണ വാര്‍ഷികം ആഘോഷമാക്കും.

ജനാധിപത്യ പ്രക്രിയയില്‍ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പിലുദിച്ച് തെരഞ്ഞെടുപ്പില്‍ തന്നെ അസ്തമിക്കുന്ന രീതിയാണ് പൊതുവെ ഉള്ളത്. അതാണു മാറ്റുന്നത്. ജനങ്ങള്‍ക്കു കണ്‍മുമ്പില്‍ കാണാനാവുകയാണു വികസനം.

ഓരോ വര്‍ഷം കഴിയുമ്പോഴും പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലൂടെ അവര്‍ക്കു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ കഴിയുകയാണ്. ആ നിലയ്ക്കു ജനാധിപത്യ സംവിധാനത്തെ തന്നെ കൂടുതല്‍ ജനകേന്ദ്രീകൃതമാക്കുകയാണ്. ജനങ്ങളാണ് യജമാനന്മാര്‍ എന്ന കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുകയാണ്. സര്‍ക്കാരുകള്‍ക്ക് ജനങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യതയുണ്ട് എന്നതും അടിവരയിടുകയാണ്.

എന്തുകൊണ്ട് സംവാദം

സര്‍ക്കാര്‍ നടപ്പാക്കുന്ന ചില പദ്ധതികള്‍ സംവാദത്തിനടിസ്ഥാനമാവുന്നുണ്ട്. എന്തുകൊണ്ടാണത്? പേപ്പര്‍ പദ്ധതികളാണെങ്കില്‍ ആരെങ്കിലും സംവാദത്തിനു നില്‍ക്കുമോ? ഉടനെ നടക്കാന്‍ പോവുകയാണു പദ്ധതികള്‍. ആ പട്ടികയില്‍ വരും കെ-റെയിലും. അതുകൊണ്ടു തന്നെയാണ് സംവാദം. എല്‍ ഡി എഫ് സര്‍ക്കാര്‍ പറഞ്ഞാല്‍ പറഞ്ഞതു നടപ്പാക്കുമെന്ന് അഞ്ചേമുക്കാല്‍ വര്‍ഷത്തെ അനുഭവത്തിലൂടെ പ്രതിപക്ഷത്തിനും ബോധ്യമുണ്ട്.

ആ ബോധ്യമുള്ളതുകൊണ്ടാണ് പല പദ്ധതികളെയും ചൂഴ്ന്ന് സംവാദം ഉയര്‍ത്തുന്നത്. എതിര്‍പ്പുയര്‍ത്തുന്നത്. നടപ്പാവാന്‍ പോകുന്നില്ലാത്ത പ്രഖ്യാപനങ്ങളാണെങ്കില്‍ ആരെങ്കിലും എതിര്‍ക്കാര്‍ നില്‍ക്കുമോ? ഇത് നടപ്പാക്കുമെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ഈ സംവാദങ്ങള്‍.

പ്രഖ്യാപനങ്ങള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമല്ലെന്നും പൂര്‍ത്തീകരിക്കുവാനുള്ള പദ്ധതികളുടെ രൂപരേഖ തന്നെയാണെന്നും തെളിയിച്ച സര്‍ക്കാരാണല്ലൊ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ഇവിടെയുണ്ടായിരുന്നത്.

അതിന്റെ തുടര്‍ച്ചയായി ഇപ്പോഴുള്ള സര്‍ക്കാരും കേരളത്തിന്റെ വികസനത്തിനായുള്ള പദ്ധതി രേഖകള്‍ മുന്നോട്ടുവെക്കുകയാണ്. സര്‍വ്വതല സ്പര്‍ശിയായ വികസനം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അതുകൊണ്ടു തന്നെ വന്‍കിട പദ്ധതികളും സാമൂഹിക സുരക്ഷാ പദ്ധതികളും അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here