മനുഷ്യത്വത്തിൻ്റെ പേരിൽ റഷ്യ യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കണം: ഐക്യരാഷ്ട്രസഭ രക്ഷാസമിതി

മനുഷ്യത്വത്തിൻ്റെ പേരിൽ റഷ്യ യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. എന്നാൽ, ഡോൺബാസ് പ്രദേശത്തിൻ്റെ അന്താരാഷ്ട്ര സ്വയംനിർണയാവകാശം സംരക്ഷിക്കാനുള്ള ഇടപെടലാണ് തങ്ങൾ നടത്തുന്നതെന്നാണ് റഷ്യൻ നിലപാട്.

യുക്രൈൻ റഷ്യൻ പ്രതിസന്ധി ചർച്ച ചെയ്യാൻ വേണ്ടി ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ പ്രസിഡൻ്റ് പുടിനോട് അഭ്യർത്ഥിച്ചത്. മനുഷ്യത്വം മുന്നിൽകണ്ട് യുദ്ധം അവസാനിപ്പിക്കണമെന്നാണ് യുക്രൈനിലെ ജനതക്കായുള്ള യുഎൻ അഭ്യർത്ഥന.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന യുഎൻ ചാർട്ടറിലെ നിർദേശമാണ് യുക്രൈനും അമേരിക്ക, ബ്രിട്ടൺ അടക്കമുള്ള നാറ്റോ പക്ഷത്തുള്ള വീറ്റോ ശക്തികളും ഉയർത്തുന്നത്. എന്നാൽ, 2014ൽ തന്നെ സ്വതന്ത്രമായ ഡോൺബാസ് പ്രദേശത്തെ ലുവാൻസ്ക്, ഡോണെട്സ്ക് ജനകീയ റിപ്പബ്ലിക്കുകൾക്ക് നേരെ യുക്രൈൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ സംരക്ഷണം നൽകാനാണ് സമാധാന സേനയെ അയച്ചതെന്നാണ് റഷ്യൻ വിശദീകരണം.

നാറ്റോ പക്ഷം ഉയർത്തുന്ന യുഎൻ ചാർട്ടറിലെ നിർദേശത്തെ ലീഗ് ഓഫ് നേഷൻസ് ഉടമ്പടിയിലെ, ജനതകളുടെ അന്താരാഷ്ട്ര സ്വയംനിർണയാവകാശ സംരക്ഷണം എന്ന നിലപാട് ഉയർത്തിയാണ് റഷ്യ പ്രതിരോധിക്കുന്നത്.

രക്ഷാസമിതി യോഗത്തിനിടെ വൈകാരികമായിട്ടായിരുന്നു യുക്രൈൻ്റെ യുഎൻ അംബാസഡർ സെർജി കിസ്ലിട്സ്യയുടെ പ്രതികരണം. യുഎൻ രക്ഷാസമിതിയിലെ താൽക്കാലിക അംഗ രാജ്യമായ ഇന്ത്യ വിഷയത്തിൽ കൃത്യമായ നിലപാട് കൈക്കൊണ്ടിട്ടില്ല എന്നുള്ളത് ഇന്ത്യൻ രക്ഷാദൗത്യത്തിന് വിലങ്ങുതടി ആകുന്നുണ്ട്. എങ്കിലും, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ യുക്രൈനും റഷ്യയുമായുള്ള സൗഹൃദം ഉപയോഗിച്ച് രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here