യുക്രൈനില്‍ നാറ്റോ കടന്നുകയറ്റം തടഞ്ഞ് റഷ്യ

യുക്രൈനില്‍ റഷ്യ സൈനികനീക്കം നടത്തുന്നത് കൃത്യമായ മുന്നൊരുക്കത്തോടെ. ബഹുമുഖമായ സൈനികസന്നാഹത്തോടെ യുക്രൈനിലേക്കുള്ള നാറ്റോ കടന്നുകയറ്റത്തെയും തടഞ്ഞുവച്ചിരിക്കുകയാണ് മോസ്കോ. എന്നാല്‍, കരുത്തോടെ പൊരുതുമെന്നും പോരാടാന്‍ തയ്യാറാകുന്നവര്‍ക്ക് കൈകളില്‍ ആയുധം എത്തിച്ചുനല്‍കുമെന്നുമാണ് യുക്രൈന്‍റെ അറിയിപ്പ്.

യുക്രൈനില്‍ സൈനികസന്നാഹത്തെ വിന്യസിക്കാന്‍ പാര്‍ലമെന്‍റിന്‍റെ അനുവാദം നേടിയെടുത്ത പുടിന്‍ ബഹുമുഖ സൈനികനീക്കത്തിലൂടെയാണ് യുക്രൈന് മേല്‍ സമ്മര്‍ദ്ദമുയര്‍ത്തുന്നത്. ആദ്യം യുക്രൈനിന്‍റെ ആകാശത്തെ കൊട്ടിയടച്ച് സഖ്യകക്ഷി നീക്കങ്ങള്‍ക്കുള്ള സാധ്യത അവസാനിപ്പിച്ച റഷ്യന്‍സൈന്യം, കിഴക്കന്‍ ഉക്രൈനിലെ വിമതസാഹചര്യവും ബെലാറസുമായുള്ള സൗഹൃദവുമുപയോഗിച്ച് കരമാര്‍ഗവും, കരിങ്കടലിലെ ആധിപത്യം ഉറപ്പാക്കി കടല്‍മാര്‍ഗവുമുള്ള യുക്രൈനിന്‍റെ പരസഹായസാധ്യതകളെല്ലാം റദ്ദാക്കി.

ജനങ്ങള്‍ക്ക് നേരെ ആക്രമണമുതിര്‍ക്കാതെ സൈനികശക്തി ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് റഷ്യന്‍ നീക്കം. ടര്‍ക്കിഷ്, അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പലയാവര്‍ത്തി പഴുത് തപ്പിനോക്കിയെങ്കിലും യുക്രൈന്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കടക്കാനായില്ല.

യുദ്ധമുനമ്പില്‍ പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചിരിക്കുകയാണ് ഉക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലിന്‍സ്കി. കരുത്തോടെ പൊരുതുമെന്നും എന്തും നേരിടാന്‍ തയ്യാറാണെന്നും ഉക്രൈന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോരാടാന്‍ തയ്യാറാകുന്നവര്‍ക്ക് കൈകളില്‍ ആയുധം എത്തിച്ചുനല്‍കുമെന്നും യുക്രൈന്‍ അറിയിച്ചിട്ടുണ്ട്.

സൈനികസന്നാഹങ്ങളെ യുക്രൈനില്‍ എത്തിക്കാനായില്ലെങ്കില്‍ പോലും യുക്രൈനെ മുന്‍നിര്‍ത്തി അമേരിക്കയാണ് കരുനീക്കം നടത്തുന്നതെന്ന് വ്യക്തം. 1991ലെ USSR തകര്‍ച്ചക്ക് ശേഷം വര്‍ധിച്ചുവന്ന നാറ്റോ എക്സ്പാന്‍ഷന്‍ റഷ്യയുടെ തൊട്ടടുത്ത് എത്തിനില്‍ക്കുകയാണ്. യുക്രൈന്‍ ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പുറമേ സുരക്ഷയ്ക്ക് മേല്‍ നേരിടുന്ന നാറ്റോ കരിനിഴലും മോസ്കോയുടെ ആശങ്കകളിലൊന്നാണ്.

എന്നാല്‍, യുദ്ധം യൂറോപ്യന്‍ മണ്ണിനെ മാത്രമാണ് കലുഷിതമാക്കുകയെന്നത് ഇത്തവണയും അമേരിക്കക്ക് ലഭിക്കുന്ന എറ്റവും വലിയ ആനുകൂല്യമായി മാറും. ദ്വീപരാഷ്ട്രമായ ബ്രിട്ടന്‍ കൂടെയുണ്ടെങ്കില്‍ പോലും റഷ്യയുമായി വ്യാപാരബന്ധമുള്ള നാറ്റോ രാജ്യങ്ങളായ ജര്‍മനിയും ഫ്രാന്‍സും പ്രതിസന്ധിപരിഹാരം ആഗ്രഹിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here