റഷ്യ-യുക്രൈന്‍ സംഘര്‍ഷം; ഇന്ധനവിലയില്‍ കുതിച്ചുചാട്ടം

റഷ്യ-യുക്രൈന്‍ സംഘര്‍ഷം കടത്തുകൊണ്ടിരിക്കെയാണ്. യുദ്ധത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ക്രൂഡോയില്‍ വിലയില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തും ഇതിന്റെ അലയോലികള്‍ ശക്തമാണ്. യുക്രൈന്‍-റഷ്യ സംഘര്‍ഷം ലോകത്തെ ഓഹരി വിപണികളെയും, സാമ്പത്തിക മേഖലകളെയും കനത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ബാരലിന് നൂറ് ഡോളര്‍ കടന്നിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും നല്‍കുന്ന റഷ്യ, യുദ്ധത്തിന്റെ പേരില്‍ ലോകരാജ്യങ്ങളുടെ ഉപരോധവും കൂടിയാകുമ്പോള്‍ ഇന്ധനവില എവിടെയെത്തി നില്‍ക്കുമെന്നത് കണ്ടറിയേണ്ടതാണ്. രാജ്യത്ത് നിലവില്‍ നൂറ് കടന്ന ഇന്ധന വില ഇനിയും ഉയരാനാണ് സാധ്യത. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. യുദ്ധം ആരംഭിച്ചതോടെ ലോക വിപണി തകര്‍ന്നടിഞ്ഞിട്ടുണ്ട്. സ്വര്‍ണ വിലയിലും വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. ഇന്നു മാത്രം 680 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

യുദ്ധകാഹളം മുഴങ്ങിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പുകുത്തി. വ്യാപരം തുടങ്ങി, ഒരു മണിക്കൂറിനിടെ സെന്‍സെക്‌സ് ഇടിഞ്ഞത് 3 ശതമാനത്തോളമാണ്. യുദ്ധ വാര്‍ത്തയില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 8.2 ലക്ഷം കോടി രൂപയാണ്. യുദ്ധം അനിശ്ചിതമായി തുടരുമ്പോള്‍ എന്ന് തിരിച്ചു കയറാന്‍ കഴിയുമെന്ന ആശങ്കയിലാണ് ഓഹരി വിപണികള്‍. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ആഗോള-ആഭ്യന്തര വിപണികള്‍ മുങ്ങി നില്‍ക്കുമ്പോള്‍ യുദ്ധം എവിടേക്കാണ് ലോകത്തെ നയിക്കുക എന്നത് ആശങ്ക ഉണര്‍ത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here