യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കി ഇന്ത്യ

ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി. 4000 ഇന്ത്യന്‍ പൗരന്മാരെ ഉക്രൈനില്‍ നിന്നും ഒഴിപ്പിച്ചെന്നും, യുക്രൈനിലെ ഇന്ത്യന്‍ എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിദേശ കാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സൃഗ്ലാ വ്യക്തമാക്കി. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍, ഉക്രൈന്‍- റഷ്യ യുദ്ധം തുടരുകയാണെങ്കിലുള്ള ഇന്ത്യയുടെ സമ്പത്തിക ബുദ്ധിമുട്ടുകള്‍, നയതന്ത്രവിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ,വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികളുടെയും ഇന്ത്യന്‍ പൗരന്‍മാരുടെയും സുരക്ഷയാണ് രാജ്യത്തിന്റെ പ്രഥമപരിഗണനയെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു..അതെ സമയം യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും 4000 ഇന്ത്യാക്കാരെ ഇതുവരെ ഒഴിപ്പിച്ചുവെന്നും വിദേശ കാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സൃഗ്ലാ ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി. നാട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ യൂണിവേഴ്സിറ്റി അധികാരികളോട് ആവശ്യപ്പെടുമെന്നും, ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമില്‍ 980 ഫോണ്‍കോളുകളും 850 ഇമെയിലുകളും വന്നുവെന്നും ഹര്‍ഷ് വര്‍ധന്‍ സൃഗ്ലാ കൂട്ടി ചേര്‍ത്തു.

18000 ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലത്തിന്റെ കണക്ക്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകളോട് സുരക്ഷിത സ്ഥാനത്ത് തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധ്യമാകുന്നവര്‍ പടിഞ്ഞാറന്‍ യുക്രൈനിലേക്ക് നീങ്ങാനും കെയ്വില്‍ കുടുങ്ങിയവര്‍ ഭങ്കറുകളില്‍ അഭയം തേടാനുമാണ് എംബസിയുടെ അറിയിപ്പ്. പാസ്‌പോര്‍ട്ടും വിദ്യാഭ്യാസ രേഖകളും ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതണമെന്നും നിര്‍ദേശമുണ്ട്. യുക്രൈനില്‍ അസാധാരണവും ഭീതിപ്പെടുത്തുന്നതുമായ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതിയും മുന്നറിയിപ്പ് നല്‍കിയിരുന്നു . ഈ സാഹചര്യത്തിലാണ് രക്ഷാ ദൗത്യം ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുള്ളത്. ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ അഫ്ഗാന്‍ ദൌത്യത്തിന്റെ മാതൃകയില്‍ സമാന്തര രക്ഷാ പ്രവര്‍ത്തനമാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നാണ് സൂചനകള്‍ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News