യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കി ഇന്ത്യ; കരമാര്‍ഗം നാട്ടിലെത്തിക്കാന്‍ സുരക്ഷിതമായ റൂട്ട് മാപ് തയ്യാറാക്കും

യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കി ഇന്ത്യ. ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരെ കരമാര്‍ഗം നാട്ടിലെത്തിക്കാന്‍ സുരക്ഷിതമായ റൂട്ട് മാപ് തയ്യാറാക്കിയിട്ടുണ്ടെന്ന് വിദേശ കാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സൃഗ്ലാ അറിയിച്ചു.. അതെ സമയം റഷ്യ-ഉക്രൈന്‍ പ്രശ്നം പരിഹരിക്കാന്‍ സത്യ സന്ധവും ആത്മാര്‍തവുമായ ചര്‍ച്ച ആവശ്യമാണെന്നും ഏറ്റുമുട്ടലിന് അവസാനം ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.

യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. അക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു, നയതന്ത്ര ചര്‍ച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാന്‍ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങള്‍ നടത്തണമെന്ന് മോദി പറഞ്ഞു.

ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. അതെ സമയം റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ,വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെയും ഇന്ത്യന്‍ പൗരന്‍മാരുടെയും സുരക്ഷയാണ് രാജ്യത്തിന്റെ പ്രഥമപരിഗണനയെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. അതെ സമയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്കെത്താനുള്ള കര മാര്‍ഗ റൂട്ട് മാപ് തയ്യാറായെന്നും. യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും 4000 ഇന്ത്യാക്കാരെ ഇതുവരെ ഒഴിപ്പിച്ചുവെന്നും വിദേശ കാര്യസെക്രട്ടറി ഹര്‍ഷ് വര്‍ത്ഥന്‍ സൃഗ്ലാ ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി

നാട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ യൂണിവേഴ്സിറ്റി അധികാരികളോട് ആവശ്യപ്പെടുമെന്നും, ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമില്‍ 980 ഫോണ്‍കോളുകളും 850 ഇമെയിലുകളും വന്നുവെന്ന് ഹര്‍ഷ് വര്‍ത്ഥന്‍ സൃഗ്ലാ കൂട്ടി ചേര്‍ത്തു. 18000 ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലത്തിന്റെ കണക്ക്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകളോട് സുരക്ഷിത സ്ഥാനത്ത് തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here