ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണം; മുഖ്യമന്ത്രി

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കാതിരിക്കുന്നതും അനാവശ്യ കാലതാമസം ഉണ്ടാവുന്നതും അഴിമതിയുടെ പട്ടികയില്‍ വരും. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തന്റെ പേന ജനങ്ങളെ സേവിക്കാനാണെന്ന ബോധം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവണം. നിക്ഷേപകരും സംരംഭകരും നാടിന്റെ ശത്രുക്കളല്ല, സേവനം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം വേണം. വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ തീരുമാനം അനന്തമായി നീട്ടുന്നതിന് അറുതി വരുത്തണം. ഇതിനുള്ള അപേക്ഷകളില്‍ കൃത്യമായ ഓഡിറ്റിങ് റവന്യു വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം നൂറുദിന പരിപാടിയോടനുബന്ധിച്ച് 12000 പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും 15000 എണ്ണം നല്‍കാനായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,11,077 പട്ടയമാണ് ആകെ നല്‍കിയത്. നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here