പ്രോ കബഡി ലീഗിന്റെ കിരീടപ്പോരാട്ടം ഇന്ന്

ലോകത്തെ ഏറ്റവും വലിയ ക്ലബ് കബഡി ടൂര്‍ണമെന്റായ പ്രോ കബഡി ലീഗിന്റെ കിരീടപ്പോരാട്ടം ഇന്ന്. രാത്രി 8:30ന് നടക്കുന്ന ഫൈനലില്‍ ദബാങ് ഡല്‍ഹിക്ക് പട്‌ന പൈറേറ്റ്‌സാണ് എതിരാളി. ഇതുവരെ ഏഴുസീസണുകള്‍ അവസാനിച്ചപ്പോള്‍ പട്‌ന പൈറേറ്റ്സാണ് ഏറ്റവുമധികം തവണ കിരീടം നേടിയത്. മൂന്നു തവണയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയെങ്കിലും ബംഗാള്‍ വോറിയേഴ്‌സിനോട് ഫൈനലില്‍ തോറ്റുമടങ്ങാനായിരുന്നു ദബാംഗ് ഡല്‍ഹിയുടെ വിധി. ഇക്കുറി ദബാംഗ് ഡല്‍ഹി ഫൈനലിനിറങ്ങുന്നത് രണ്ടും കല്‍പ്പിച്ചാണ്.

പ്രാഥമിക റൗണ്ടിലെ ഇരുപാദ മത്സരങ്ങളിലും പട്‌ന പൈറേറ്റ്‌സിനെ തോല്‍പ്പിക്കാനായത് ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. ബെംഗളുരു ബുള്‍സിനെ വീഴ്ത്തി ഫൈനലില്‍ കടന്ന ഡല്‍ഹി ക്യാപ്റ്റന്‍ ജോഗീന്ദര്‍ നര്‍വാലിന്റെ കീഴില്‍ കരുത്തരുടെ സംഘമാണ്. നവീന്‍ കുമാറാണ് ടീമിന്റെ സൂപ്പര്‍ താരം. തളരാത്ത പോരാട്ടവീര്യമാണ് ദബാംഗ് ഡല്‍ഹിയെ ആരാധകരുടെ ഫേവറിറ്റാക്കി മാറ്റിയത്. മഞ്ജീത് ചില്ലര്‍, മോഹിത് , സന്ദീപ് നര്‍വാള്‍ എന്നിവരും ഫോമിലാണ്. കഴിഞ്ഞ തവണത്തെ കിരീട നഷ്ടത്തിന് മധുര പ്രതികാരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി.

അതേസമയം നാലാം കിരീടമാണ് പട്‌ന പൈറേറ്റ്‌സിന്റെ മോഹം. പ്രാഥമിക റൗണ്ടിലെ തോല്‍വികള്‍ക്ക് കിരീട ജയത്തിലൂടെ പൈറേറ്റ്‌സിന് പകരം വീട്ടണം. നായകന്‍ പ്രശാന്ത് കുമാര്‍ റായി ഉശിരന്‍ റെയ്ഡുകളുമായി പട നയിക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് തുടര്‍ കിരീടമാണ്. യു.പി യോദ്ധയെ കീഴടക്കിയായിരുന്നു പട്‌നയുടെ ഫൈനല്‍ പ്രവേശം. മുഹമ്മദ്രേസ ചിയാനെയാണ് പൈറേറ്റ്‌സ് നിരയിലെ സൂപ്പര്‍ താരം. സച്ചിന്‍ ,ഗുമാന്‍ സിങ്ങ് എന്നിവരും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏതായാലും ബെംഗളുരു ഷെറാട്ടണ്‍ ഗ്രാന്റ് വൈറ്റ് ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ കോര്‍ട്ടില്‍ ഫൈനല്‍ ത്രില്ലര്‍ അരങ്ങേറാന്‍ ഇനി ചെറിയ കാത്തിരിപ്പ് മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News