ജനങ്ങളോട് ആയുധം കൈയിലെടുക്കാന്‍ യുക്രൈന്‍; പുരുഷന്‍മാര്‍ രാജ്യം വിടുന്നത് വിലക്കി

ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന്‍ സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളോദിമിര്‍ സെലെന്‍സ്‌കി ട്വിറ്ററിലൂടെ വ്യക്തമാക്കി.

‘രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. പിന്തുണയ്ക്കാന്‍ തയ്യാറെടുക്കുക’- സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. സന്നദ്ധരായ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും സെലെന്‍സ്‌കി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യുദ്ധം രൂക്ഷമായ യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് കൂട്ട പലായനം നടക്കുകയാണ്. ഒരുലക്ഷം പേര്‍ പലായനം ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തെ റഷ്യയുടെ എല്ലാ സഖ്യ രാജ്യങ്ങളുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ യുക്രൈന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ യുക്രൈന്റെ എല്ലാ പ്രധാന നഗരങ്ങളും കടുത്ത റഷ്യന്‍ ആക്രമണം നേരിടുകയാണ്. കീവ് ലക്ഷമാക്കി റഷ്യന്‍ സൈന്യം നീങ്ങുന്നതായാണ് വിവരം. ഏത് സമയവും യുക്രൈന്‍ തലസ്ഥാനം റഷ്യ കീഴടക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 137 ആളുകള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here