അമേരിക്കയും ബ്രിട്ടനും റഷ്യക്കെതിരെ, ചൈനയും പാക്കിസ്ഥാനും റഷ്യക്കൊപ്പം; ചേരിതിരിഞ്ഞ് ലോകരാഷ്ട്രങ്ങള്‍

റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ ചേരിതിരിഞ്ഞ് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ റഷ്യക്ക് ലഭിച്ച നിര്‍ണായക പിന്തുണ ചൈനയുടേയും പാക്കിസ്ഥാന്റേയുമാണ്

യുദ്ധത്തില്‍ പ്രത്യക്ഷമായി ഭാഗവാക്കല്ലെങ്കിലും വാക്‌പോരില്‍ സജീവമായി പങ്കാളികളാണ് മുന്‍നിര ലോകരാഷ്ട്രങ്ങള്‍. നിര്‍ണായക സൈനിക ശക്തികളായ രാജ്യങ്ങളില്‍ ഭൂരിഭാഗവും റഷ്യന്‍ സൈനിക നടപടിയെ പൂര്‍ണമായും തള്ളിപ്പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഇസ്രയേല്‍ , ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി. പുടിന്‍ ഏകാധിപതിയാണെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വിമര്‍ശനം.

യൂറോപ്പിന്റെ സമാധാനം റഷ്യ തകര്‍ത്തുവെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ആഞ്ഞടിച്ചു. വിമര്‍ശക രാഷ്ട്രങ്ങളുടെയെല്ലാം ആവശ്യം റഷ്യ നിരുപാധികം പിന്‍വാങ്ങണമെന്നായിരുന്നു. സംസ്‌കാര ശൂന്യമായ നടപടിക്ക് റഷ്യക്കെതിരെ ഉപരോധമുണ്ടാകുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്. നിര്‍ണായക സൈനിക ശക്തികളില്‍ റഷ്യയ്ക്ക് ലഭിച്ച പിന്തുണയില്‍ പ്രധാനം ചൈനയുടേതാണ്. റഷ്യയുടേത് അധിനിവേശമല്ലെന്നും സൈനിക നടപടി മാത്രമാണെന്നും വ്യക്തമാക്കിയ ചൈനീസ് വിദേശ കാര്യവക്താവ് സുരക്ഷ സംബന്ധിച്ച റഷ്യയുടെ ആശങ്കയെ മാനിക്കുന്നുവെന്നും വിശദീകരിച്ചു.

യുദ്ധത്തിനിടെ റഷ്യയിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിലവിലെ സാഹചര്യത്തെ ആവേശകരമായ നിമിഷങ്ങളെന്നായിരുന്നു വിശേഷിപ്പിച്ചത്. റഷ്യ യുക്രെയ്‌നില്‍ പ്രവേശിച്ചതിനുശേഷം പുടിനെ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് ഇമ്രാന്‍ ഖാന്‍. ഇറാനും റഷ്യക്കൊപ്പമാണ്. എന്നാല്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളില്‍ ഔദ്യോഗിക പ്രതികരണത്തിന് റഷ്യ തയ്യാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News