ഹിറ്റ്‌ലര്‍ പുടിനെ അഭിനന്ദിക്കുന്ന കാര്‍ട്ടൂണുമായി യുക്രൈന്‍; ‘പുടിന്‍ അഭിനവ ഹിറ്റ്‌ലര്‍’

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനിടെ യുക്രൈന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ഒരു മീം ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. യുക്രൈനെ ആക്രമിച്ച റഷ്യന്‍ ഭരണാധികാരി വ്‌ളാഡിമിര്‍ പുടിനെ ജര്‍മന്‍ നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ അഭിനന്ദിക്കുന്ന രീതിയിലാണ് ട്വീറ്റ്.

‘ഇത് വെറുമൊരു മീം മാത്രമല്ല, ഇത് ഞങ്ങളും നിങ്ങളും ഉള്‍പ്പെടുന്ന യാഥാര്‍ത്ഥ്യമാണ്’ എന്ന കുറിപ്പും യുക്രൈന്‍ ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് യുക്രൈന്റെ ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

‘റഷ്യ രാജ്യത്തെ ആക്രമിക്കുമ്പോള്‍ ട്വിറ്ററില്‍ പോസ്റ്റിട്ട് കളിക്കുകയാണോ?’ ‘ഹിറ്റലറിന്റെ ആരാധകരാണ് പുടിനെ ഇത്തരത്തില്‍ കളിയാക്കുന്നത്’ ‘റഷ്യയുടെ ഈ നീക്കത്തിനെതിരെ ലോകം ഒന്നാകെ യുക്രൈനൊപ്പം അണി നിരക്കണം’ തുടങ്ങിയ കമന്റുകളും റീട്വീറ്റുകളുമാണ് യുക്രൈന്റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൈബറിടങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുക എന്നതാണ് ഇതിലൂടെ യുക്രൈന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മീമിന് പുറമെ #StopRussianAggression, #RussiaInvadedUkraine #UkraineUnderAttack തുടങ്ങിയ ഹാഷ് ടാഗുകളും സോഷ്യല്‍മീഡിയയില്‍ ട്രന്റിംഗാവുന്നുണ്ട്.

അതേസമയം, യുക്രൈന്‍ സര്‍ക്കാര്‍ അവിടത്തെ വിവിധ യുക്രൈനിയന്‍ വംശജരുടെ വൈവിധ്യം അംഗീകരിക്കുന്നില്ലെന്നും യുക്രൈനിലെ റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണെന്നും പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

യുക്രൈനില്‍ നവ നാസികളും തീവ്രവലതു പക്ഷവാദികളും ശക്തി പ്രാപിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോസ്‌കോയിലെ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here