യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിലെ ഇരട്ടത്താപ്പിനെതിരെ അമേരിക്ക

യുക്രൈന്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇന്ത്യന്‍ നിലപാടില്‍ അമേരിക്ക ഇരട്ടത്താപ്പ് ആരോപിക്കുന്നുണ്ടെങ്കിലും നിഷ്പക്ഷ നിലപാട് തുടരുകയാണ് ഇന്ത്യ. എന്നാല്‍, യുഎന്‍ രക്ഷാസമിതി വോട്ടെടുപ്പില്‍ ഇന്ത്യ നിലപാടെടുക്കാന്‍ നിര്‍ബന്ധിതമാകും.

റഷ്യക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ജോ ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അവസാന ഭാഗത്തിലാണ് ഇന്ത്യന്‍ നിലപാടിലുള്ള അമേരിക്കന്‍ ആശങ്ക രേഖപ്പെടുത്തിയത്. നീണ്ടകാലത്തെ റഷ്യന്‍ ബന്ധവും ഇപ്പോള്‍ തുടരുന്ന അമേരിക്കന്‍ സൗഹൃദവും ഇരട്ടത്താപ്പാണെന്ന നിലപാടിലാണ് അമേരിക്ക. കൂടുതല്‍ ചര്‍ച്ചകള്‍ ഇത് സംബന്ധിച്ച് വേണ്ടിവരുമെന്നും ബൈഡന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, ഉക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഇന്ന് ചേരുന്ന രക്ഷാസമിതി യോഗം നിര്‍ണായകമാകും. യോഗ തീരുമാനം തങ്ങള്‍ക്ക് എതിരായാല്‍ റഷ്യ വീറ്റോ ചെയ്ത് പരാജയപ്പെടുത്തുമെങ്കിലും റഷ്യയെ ലോക സമൂഹത്തിനിടയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കമായാണ് അമേരിക്ക വോട്ടെടുപ്പിനെ കാണുന്നത്.

അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താല്‍ക്കാലിക അംഗ രാജ്യങ്ങളും പങ്കെടുക്കുന്ന വോട്ടെടുപ്പില്‍ ചൈന റഷ്യയെ അനുകൂലിച്ചാല്‍ പോലും 15ല്‍ 13 വോട്ട് നേടി റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് അമേരിക്ക നടത്തുക. 13 വോട്ടുകളെന്ന അമേരിക്കന്‍ ലക്ഷ്യത്തിന് വിലങ്ങുതടി ആകുന്നത് ഇന്ത്യയുടെ നിഷ്പക്ഷ നിലപാടാണ്. എന്നാല്‍, വോട്ടെടുപ്പ് നടന്നാല്‍ ഇന്ത്യക്ക് ഏതെങ്കിലും ഒരു പക്ഷം പിടിച്ചുള്ള നിലപാട് എടുക്കേണ്ടി വരും. അത് നാറ്റോ പക്ഷ നിലപാട് ആയിരിക്കുമോ അതോ ഇന്ത്യ റഷ്യന്‍ പക്ഷത്ത് നില്‍ക്കുമോ എന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് ലോകം. ഏത് തീരുമാനമെടുത്താലും അത് ഇന്ത്യന്‍ നയതന്ത്ര ബന്ധങ്ങള്‍ക്ക് തിരിച്ചടിയായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here