എന്തു സംഭവിച്ചാലും ഞാനുമെന്‍റെ കുടുംബവും യുക്രൈന്‍ വിട്ടുപോകില്ല; സെലൻസ്കി

യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും കീവിൽ തന്നെ തുടരുമെന്ന തീരുമാനത്തിലാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ളോടിമര്‍ സെലെൻസ്കി. റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്നും രണ്ടാമത്തേത് തന്‍റെ കുടുംബമാണെന്നും സെലന്‍സ്കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

”എന്‍റെ കുടുംബത്തെയാണ് അവര്‍ രണ്ടാമതായി ഉന്നം വയ്ക്കുന്നത്. രാഷ്ട്രത്തലവനെ ഇല്ലാതാക്കി അവർ യുക്രൈനെ രാഷ്ട്രീയമായി നശിപ്പിക്കാൻ ആഗ്രഹിക്കുന്നു” സെലൻസ്‌കി വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തു സംഭവിച്ചാലും താനും കുടുംബവും യുക്രൈന്‍ വിടില്ലെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യൻ രാഷ്ട്രത്തിനെതിരായ ഏറ്റവും വലിയ ആക്രമണത്തിൽ തലസ്ഥാനത്തേക്ക് മുന്നേറുന്ന റഷ്യൻ അധിനിവേശക്കാരോട് തന്‍റെ സൈന്യം പോരാടുമ്പോൾ, സെലൻസ്കി കിയവില്‍ തുടരുമെന്ന് പ്രതിജ്ഞയെടുത്തു.”ഞാന്‍ തലസ്ഥാനത്തു തന്നെ തുടരും. എന്‍റെ കുടുംബവും യുക്രൈനിലുണ്ട്” സെലെന്‍‌സ്കി പറഞ്ഞു.

അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെയാണ് റഷ്യയുടെ ആക്രമണം തുടങ്ങിയത്. സ്ഫോടനങ്ങളും വെടിവെപ്പുകളും പ്രധാന നഗരങ്ങളെ നടുക്കിയപ്പോൾ ഒരു ലക്ഷത്തിലധികം ആളുകള്‍ രാജ്യത്തു നിന്നും പലായനം ചെയ്തു. ഇതുവരെയുള്ള പോരാട്ടത്തിൽ 137 സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായും നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും സെലൻസ്കി അറിയിച്ചു. 70 പേരെങ്കിലും കൊല്ലപ്പെട്ടതായി യുക്രേനിയൻ അധികൃതർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here