റഷ്യ സൈനിക നടപടിയിലേക്ക് നീങ്ങിയത് ദൗര്‍ഭാഗ്യകരം; സിപിഐഎം പോളിറ്റ് ബ്യൂറോ

യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും സായുധ പോരാട്ടത്തില്‍ കടുത്ത ആശങ്കയുള്ളതായും പിബി പ്രസ്താവനയില്‍ അറിയിച്ചു.

സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ റഷ്യയ്ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായി കിഴക്കന്‍ അതര്‍ത്തിയിലേക്ക് ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.

യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും. കിഴക്കന്‍ യൂറോപ്പിലെ അതിര്‍ത്തികളിലുള്ള നാറ്റോ സേനയുടെയും മിസൈലുകളുടെയും ഭീഷണി കാരണം റഷ്യയുടെ സുരക്ഷയിലും ആശങ്കയുണ്ട്. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയില്‍ ഉറപ്പ് വേണമെന്നും ഒപ്പം ഉക്രയ്നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്.

അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. സമാധാനം സ്ഥാപിക്കപ്പെടുന്നതിന്, കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖല ഉള്‍പ്പെടെ എല്ലാ ജനങ്ങളുടെയും യഥാര്‍ത്ഥ ആശങ്കകള്‍ പരിഹരിക്കപ്പെടണം. ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ഇരുകക്ഷികളും നേരത്തെ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കുകയും വേണം.

അതേസമയം യുക്രൈനിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നുമൊഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here