യുക്രൈനിൽ കൂട്ടപ്പലായനം തുടരുന്നു; ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും അന്തിയുറങ്ങി ആളുകൾ

യുക്രൈനില്‍ റഷ്യ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം വീടു വിട്ടിറങ്ങിയ യുക്രേനിയക്കാരും ഇന്ത്യൻ വംശജരുമടക്കമുല്ല ആളുകൾ ബങ്കറുകളിലും സബ്‍വേ സ്റ്റേഷനുകളിലുമാണ് അഭയം പ്രാപിച്ചത്. യുദ്ധം ആരംഭിച്ച വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആളുകള്‍ പലായനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

റഷ്യൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പട്ടാളനിയമം ഏർപ്പെടുത്തിയതിനാൽ ഉക്രൈൻ തലസ്ഥാനമായ കീവിൽ ആളുകൾ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്ക് അഭയംപ്രാപിക്കുന്നതായാണ് എഎഫ്പി റിപ്പോർട്ട് ചെയുന്നത്.

പല മെട്രോ സ്‌റ്റേഷനുകളും സ്ലീപ്പിംഗ് ബാഗുകളും പുതപ്പുകളും വളര്‍ത്തുനായകളും കൊണ്ട് നിറഞ്ഞിരുന്നു. സബ്‍വേ സ്റ്റേഷനുകള്‍ ബങ്കറുകളായി മാറുന്ന കാഴ്ചയാണ് കീവിൽ കണ്ടുവരുന്നത്. റഷ്യൻ അധിനിവേശമുണ്ടായാൽ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ ജനങ്ങൾക്ക് അഭയം നൽകാൻ നഗരം തയ്യാറായിട്ടുണ്ടെന്ന് ഈ മാസം ആദ്യം, കൈവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കിയിരുന്നു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് പോലുള്ള നഗരങ്ങളിലെ സബ്‌വേ സ്റ്റേഷനുകളിലും ആളുകൾ അഭയം പ്രാപിക്കുന്നുണ്ട്. ആളുകള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനാല്‍ കീവിൽ നിന്നും പുറത്തേക്കുള്ള റോഡുകള്‍ വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.

എടിഎമ്മുകള്‍ക്കു മുന്നിലും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലും ആളുകളുടെ നീണ്ട ക്യൂ ദൃശ്യമാണ്. കിഴക്കൻ യുക്രൈനിലെ സംഘർഷം മുമ്പ് ബാധിക്കാതിരുന്ന കിയവ് പോലുള്ള നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം മിസൈലുകളും ഷെല്ലാക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്.

സൈനികരടക്കം നൂറിലധികം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. റഷ്യക്ക് തിരിച്ചടി നൽകിയെന്നും 50 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു. ചെർണോബിൽ ആണവനിലയം ഉൾപ്പെടുന്ന മേഖലയും റഷ്യൻ സൈന്യം പിടിച്ചെടുത്തു. യുക്രൈന്‍റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയത്തിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈൻ സൈന്യത്തെ ബന്ധികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കിയവിലേക്ക് കൂടുതൽ റഷ്യൻ സൈന്യത്തെ വിന്യസിക്കുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം, കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണങ്ങളുടെ ഭാഗമായി അതിരാവിലെ തന്നെ മൂന്ന് സ്‌ഫോടനങ്ങള്‍ കീവില്‍ നടത്തിയെന്ന അന്താരാഷ്ട്ര മാധ്യമമായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ സമയം രാവിലെ 6.30നാണ് മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നത്.

എന്നാൽ റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ നാളെ പുലര്‍ച്ചെ രണ്ട് വിമാനങ്ങള്‍ പുറപ്പെടും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്ന് മടങ്ങുവാനുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ എല്ലാവരും നിലവിലെ കേന്ദ്രങ്ങളില്‍ ക്ഷമയോടെ തുടരണമെന്നും ആരും പേടിക്കേണ്ടതില്ലെന്നുമാണ് പാര്‍ത്ഥാ സത്പതി അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാറ്റോയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News