വരുന്നു കേരള പ്രീമിയര്‍ വോളിബോള്‍ ലീഗ് ; പ്രഖ്യാപനവുമായി പ്രൈം വോളിബോള്‍

റുപേ പ്രൈം വോളിബോൾ ലീഗിന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കായിക പ്രേമികളുടെ ആവേശാജനകമായ പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ, കേരളം കേന്ദ്രീകരിച്ച് കേരള പ്രീമിയർ വോളിബോൾ ലീഗ് തുടങ്ങാൻ തീരുമാനിച്ചതായി പ്രൈം വോളിബോൾ ലീഗിന്റെ സ്ഥാപക പങ്കാളികൾ അറിയിച്ചു.

വെള്ളിയാഴ്ച നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായാണ് ടൂർണമെന്റിന്റെ പ്രഖ്യാപനം. ജില്ലകളിൽ നിന്നുള്ള ടീമുകളായിരിക്കും വോളിബോൾ ലീഗിൽ പങ്കെടുക്കുക. ഈ വർഷം മധ്യത്തോടെ ടൂർണമെന്റ് തുടങ്ങും.

ബേസ്‌ലൈൻ വെഞ്ച്വേഴ്‌സിനായിരിക്കും കേരള പ്രീമിയർ വോളിബോൾ ലീഗിന്റെയും വിപണന അവകാശം.

മേഖലാ അടിസ്ഥാനത്തിലുള്ള വോളിബോൾ ലീഗിനായി ഓരോ ടീമുകൾക്കും കേരളത്തിന് പുറമെ മറ്റൊരു സംസ്ഥാനത്തിൽ നിന്നോ വിദേശത്ത് നിന്നോ നിശ്ചിത എണ്ണം താരങ്ങളെ തിരഞ്ഞെടുക്കാം. ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനായി ചില ടി.വി ചാനലുകളുമായി കേരള പ്രീമിയർ വോളിബോൾ ലീഗ് സംഘാടകർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും.

വോളിബോൾ താരങ്ങൾക്ക് താഴെത്തട്ടിൽ ഒരുവേദി നൽകുന്നതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വോളിബോൾ ലീഗുകൾ സ്ഥാപിക്കുക എന്നതാണ് പ്രൈം വോളിബോൾ ലീഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിശാലമായ കാഴ്ച്ചപ്പാട്. പ്രൈം വോളിബോൾ ലീഗിലെ ഫ്രാഞ്ചൈസികളിൽ കളിക്കുന്നതിനായി താരങ്ങളെ കണ്ടെത്തി അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മേഖലാ അടിസ്ഥാനത്തിലുള്ള ലീഗുകൾ ഉപയോഗപ്പെടുത്തും.

നിരവധി വർഷങ്ങളായി മികച്ച വോളിബോൾ താരങ്ങളുടെ വിളനിലമാണ് കേരളം. കൂടാതെ അനേകം ഇതിഹാസ വോളിബോൾ താരങ്ങളെയും കേരളം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഈ സംസ്ഥാനത്തിന്റെ അളവറ്റ കായിക പ്രേമം കൂടി കണക്കിലെടുത്താണ് മേഖല അടിസ്ഥാനത്തിൽ ആരംഭിക്കുന്ന പ്രദേശാധിഷ്ഠിത ലീഗുകളിൽ ആദ്യത്തേതിന് കേരളത്തിൽ തന്നെ തുടക്കമിടുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി റുപേ പ്രൈം വോളിബോൾ ലീഗിന് അതിശയകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും, വോളിബോൾ ആവേശം വർഷം മുഴുവൻ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഇതേകുറിച്ച് സംസാരിച്ച ബേസ്‌ലൈൻ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിൻ മിശ്ര പറഞ്ഞു.

ഇന്ത്യയിൽ മേഖലാടിസ്ഥാനത്തിലുള്ള നിരവധി വോളിബോൾ ലീഗുകൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അവയിൽ ആദ്യത്തേത് കേരള പ്രീമിയർ വോളിബോൾ ലീഗായിരിക്കും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിൽ പ്രതിഭാധനരായ നിരവധി താരങ്ങൾ കാണികളെ അമ്പരപ്പിക്കുന്നത് ഞങ്ങൾ കണ്ടു, കേരള പ്രീമിയർ വോളിബോൾ ലീഗിലൂടെ കൂടുതൽ കഴിവുള്ള താരങ്ങളെ കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്-അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ വോളിബോളിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. കേരളത്തിൽ താഴെത്തട്ടിൽ തന്നെ മികച്ച രീതിയിൽ ബന്ധപ്പെട്ടിരിക്കുന്ന ഗെമിയാണിത്. കൂടാതെ രാജ്യത്തിനായി മികച്ച താരങ്ങളെ സൃഷ്ടിക്കുന്ന സമ്പന്നമായ പാരമ്പര്യവും കേരളത്തിനുണ്ട്.

കേരള പ്രീമിയർ ലീഗ് വോളിബോൾ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള വോളിബോൾ പ്രതിഭകൾക്ക് ഒരു വലിയ വേദിയായിരിക്കും. ഈ കായികരംഗത്തെ ജനകീയമാക്കുന്നതിൽ ലീഗ് ഒരു വലിയ മാറ്റം വരുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

താരങ്ങൾക്ക് മികവ് പുലർത്താൻ അനുയോജ്യമായ ഒരു പ്ലാറ്റ്‌ഫോം നൽകി, അവരുടെ വളർച്ചയിൽ ക്രിയാത്മകമായി സ്വാധീനിക്കുന്നതിന് മറ്റൊരു അവസരം കൂടി കെപിഎലുമായുള്ള ബന്ധം ഞങ്ങൾക്ക് നൽകുന്നു. ഇന്ത്യയിൽ വോളിബോളിന്റെ സുസ്ഥിര വികസനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് കേരള പ്രീമിയർ വോളിബോൾ ലീഗിന്റെ രൂപീകരണവും അതിനോടുള്ള ഞങ്ങളുടെ പിന്തുണയുമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി കേരളത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിലൊന്നാണ് വോളിബോളെന്നും, അതിനാൽ കേരളത്തിലെ വോളിബോൾ താരങ്ങൾക്ക്, പ്രത്യേകിച്ച് യുവതാരങ്ങൾക്ക് കേരള പ്രീമിയർ വോളിബോൾ ലീഗിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മഹത്തായ അവസരം ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ബീക്കൺ ഇൻഫോടെക് എംഡിയും, കാലിക്കറ്റ് ഹീറോസ് സഹ ഉടമയുമായ സഫീർ പി.ടി പറഞ്ഞു.

ടൂർണമെന്റിലൂടെ കഴിവുള്ള വോളിബോൾ താരങ്ങളെ കണ്ടെത്താനും, കേരളത്തിൽ വോളിബോൾ കായികരംഗം കൂടുതൽ വളരുന്നതും പരിണമിക്കുന്നതും കാണാനും ഞങ്ങൾക്ക് കാത്തിരിക്കാനാവുന്നില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രൈം വോളിബോൾ ലീഗിൽ 84 ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഇവിടെ അവസരം ലഭിക്കാത്ത കേരളത്തിലെ നിരവധി താരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ കേരള പ്രീമിയർ വോളിബോൾ ലീഗ് വേദിയൊരുക്കും. നിരവധി താരങ്ങളെ കേരളത്തിൽ മാത്രമല്ല, രാജ്യമൊട്ടാകെ പ്രശസ്തരാക്കാനും ഈ പ്രാദേശിക ലീഗ് സഹായിക്കും-സഫീർ കൂട്ടിച്ചേർത്തു.

കേരള പ്രീമിയർ വോളിബോൾ ലീഗിന്റെ തീയതിയും വേദിയും ഉടൻ പ്രഖ്യാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News