കൗമാരക്കാരിയോട് ‘ഐ ലവ് യു’ പറഞ്ഞാൽ സ്നേഹപ്രകടനമെന്ന് ബോംബെ ഹൈക്കോടതി ; പ്രതിയെ വെറുതെ വിട്ടു

മുംബൈയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞു പുറകെ നടന്ന യുവാവിനെയാണ് ലൈംഗിക പീഡന കേസിൽ നിന്ന് ബോംബെ ഹൈക്കോടതി വെറുതെ വിട്ടു.

ഇരുപത്തി രണ്ടുകാരനായ യുവാവാണ് കോടതിയുടെ പരിഗണനയിൽ കുറ്റവിമുക്തനായത്. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹ പ്രകടനമായി കണക്കാക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം. പോക്സോ കേസിലെ പ്രതിയായ യുവാവാണ് ഇതോടെ നിയമ നടപടികളിൽ നിന്ന് തടിയൂരിയത്.

പതിനേഴുകാരിയായ പെൺകുട്ടിയോടായിരുന്നു യുവാവിന്റെ ‘സ്നേഹ പ്രകടനം’. എന്നാൽ ഇരയെ പ്രതി ആവർത്തിച്ച് പിന്തുടരുകയും ഐ ലവ് യു പറയുകയും ചെയ്തതായി പരാതിയിൽ പരാമർശിച്ചിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

ഐ ലവ് യു എന്ന് പെൺകുട്ടിയോട് ഒറ്റ തവണ മാത്രം പറഞ്ഞ സംഭവം ഇരയോടുള്ള പ്രതിയുടെ സ്നേഹ പ്രകടനം മാത്രമായി പരിഗണിക്കാമെന്നും കോടതി നിരീക്ഷിക്കുന്നു. അതിനാൽ ഇരയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതി ലൈംഗിക ഉദ്ദേശത്തോടെ ഇരയോട് പെരുമാറിയതിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്നും സ്പെഷ്യൽ ജഡ്ജി കൽപ്പന പാട്ടിൽ ഉത്തരവിൽ പറയുന്നു.

2016 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി പ്രദേശത്തെ പൊതു കുളിമുറിയിലേക്ക് പോകുമ്പോഴാണ് പ്രതി പുറകെ പിന്തുടർന്ന് ഐ ലവ് യു എന്ന് പറഞ്ഞിരുന്നത്. പിന്നീട് യുവാവ് പെൺകുട്ടിയെ കണ്ണിറുക്കി കാണിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഇതിന് തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ യുവാവിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കോടതി ഉത്തരവിൽ പരാമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News