യുദ്ധം അവസാനിപ്പിക്കുകയാണ് യുഎന്‍ ലക്ഷ്യമെന്ന് ഗുട്ടെറസ്

യുക്രൈന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ റഷ്യ വീറ്റോ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യുദ്ധങ്ങള്‍ക്ക് അറുതി വരുത്തുക എന്നതായിരുന്നു ഐക്യ രാഷ്ട്രസഭയുടെ ലക്ഷ്യം. എന്നാല്‍ ഇത്തവണ പരാജയപ്പെട്ടു. പ്രഖ്യാപിത ലക്ഷ്യം നേടാന്‍ യുഎന്നിന് ആയില്ല. എന്നാല്‍ തോറ്റ് മടങ്ങാന്‍ യുഎന്നിന് ആവില്ല. സമാധാനം കൊണ്ടുവരാന്‍ ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും ഗുട്ടെറസ് പറയുന്നു. ട്വിറ്ററില്‍ ആയിരുന്നു പ്രതികരണം.

യുഎന്നില്‍ അമേരിക്കയും അല്‍ബേനിയയും ചേര്‍ന്ന് കൊണ്ടുവന്ന പ്രമേയത്തെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. 15 അംഗങ്ങളില്‍ 11 പേരും പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയ്ക്ക് പുറമെ ചൈനയും യുഎഇയുമാണ് വെട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. പ്രമേയാവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ വന്‍ വിമര്‍ശനമാണ് യുഎസ് അംബാസിഡര്‍ റഷ്യയ്ക്കെതിരെ നടത്തിയത്.

അതേസമയം, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യ സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍, പരിധികള്‍ ഇല്ലാത്ത പങ്കാളിത്തത്തിന് ചൈനയും റഷ്യയും ധാരണയില്‍ എത്തിയതിന്റെ തുടര്‍ച്ചയാണ് വോട്ടെടുപ്പില്‍ ചൈനയുടെ വിട്ടുനില്‍ക്കുന്നതില്‍ പ്രകടമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തായ്വാനില്‍ ചൈനയുടെ കടന്നുകയറ്റത്തെ റഷ്യ പിന്തുണയ്ക്കുന്നുണ്ടെന്നും അതിനാല്‍ യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തെ ചൈന പിന്തുണയ്ക്കുകയാണെന്നും വിദഗ്ദര്‍ സൂചിപ്പിക്കുന്നു.

വോട്ടെടുപ്പില്‍ നിന്നും ചൈന വിട്ടുനില്‍ക്കുന്നതോടെ പ്രമേയം പരാജയപ്പെടാനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ അമേരിക്ക ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പ് വൈകി. യുക്രൈനിനെതിരെയുള്ള ബലപ്രയോഗം റഷ്യ ഉടനടി അവസാനിപ്പിക്കണമെന്നും അവരുടെ ഭൂപ്രദേശത്തുനിന്നും ഉപാധികള്‍ ഇല്ലാതെ സൈന്യത്തെ റഷ്യ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിക്കാനുള്ള റഷ്യന്‍ തീരുമാനം പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News