ഭക്ഷണവും ഉറക്കവും വണ്ടിയിൽ തന്നെ; ഇനി ചുറ്റി കാണാം കാരവാനിലൂടെ കേരളം

വാഹനത്തില്‍ സഞ്ചരിച്ച്‌ അതില്‍ തന്നെ താമസിച്ച്‌ ആഹാരം പാകം ഇനി ചെയ്‌ത്‌ കേരളം കാണാം. രാജ്യത്തെ ആദ്യ കാരവന്‍ പാര്‍ക്ക്‌ വാഗമണ്ണില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടൂറിസം വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസാണ്‌ പാര്‍ക്ക്‌ നാടിന്‌ സമര്‍പ്പിച്ചത്‌. 35 വര്‍ഷം മുന്‍പ്‌ ഹൗസ്‌ ബോട്ടുകള്‍ പുറത്തിറക്കിയ കേരള ടൂറിസം പുറത്തിറക്കുന്ന പുതിയ ഉത്‌പ്പന്നം കൂടിയാണ്‌ കാരവാന്‍ ടൂറിസം. പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന്‌ ശേഷം 120 പാര്‍ക്കുകളും 353 കാരവനുകളും രജിസ്‌റ്റര്‍ ചെയ്‌തതായി മന്ത്രി പറഞ്ഞു.

കൊവിഡില്‍ പകച്ചു നിന്നു പോയ കേരളാ ടൂറിസത്തിന്‌ വേറിട്ട വഴിയിലൂടെ വേഗതയേറ്റുവാനാണ്‌ കാരവന്‍ ടൂറിസത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. വിദേശരാജ്യങ്ങളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന കാരവന്‍ ടൂറിസം രാജ്യത്ത്‌ ആദ്യമായി നടപ്പിലാക്കുകയാണ്‌ കേരളം. വിദേശികളടക്കമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയായിരിക്കുമിതെന്നാണ്‌ ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. പുതിയ ലോകം കാണുവാന്‍ ആഗ്രഹിച്ച മനുഷ്യരെ തളച്ചിടാന്‍ ശ്രമിച്ച കൊവിഡ്‌ കാലത്ത്‌ റിവഞ്ച്‌ ടൂറിസം എന്ന നിലയിലാണ്‌ പുതിയ ആശയം നടപ്പിലാക്കുന്നതെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. കേരളാ ടൂറിസത്തിന്റെ ചരിത്രപരമായ ദിനമായി ഇത്‌ അടയാളപ്പെടുത്തും.

വാഹനത്തില്‍ സഞ്ചരിച്ച്‌ അതില്‍ തന്നെ താമസിച്ച്‌ ആഹാരം പാകം ചെയ്‌ത്‌ കേരളം കാണുന്നതിനുള്ള അവസരമൊരുക്കുകയാണ്‌ നവീന ആശയത്തിലൂടെ ടൂറിസം വകുപ്പ്‌. എയര്‍പോര്‍ട്ട്‌ റെയില്‍വേ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം നേരിട്ട്‌ കാരവന്‍ ബുക്ക്‌ ചെയ്‌ത്‌ യാത്ര തുടങ്ങാം. ഇങ്ങനെയെത്തുന്ന സഞ്ചാരികള്‍ക്ക്‌ സുരക്ഷിതമായ ഡെസ്‌റ്റിനേഷന്‍ പോയിന്റുകള്‍ ലക്ഷ്യമിട്ടാണ്‌ വാഗമണ്ണില്‍ ഉള്‍പ്പെടെ കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്‌. പകല്‍ യാത്ര ചെയ്‌തെത്തുന്നവര്‍ക്ക്‌ ഇത്തരം പാര്‍ക്കുകളില്‍ രാത്രി ചിലവഴിക്കാം. ചെറുകുടുംബങ്ങള്‍ക്ക്‌ താമസിക്കാന്‍ കഴിയുന്ന രീതിയിലാണ്‌ കാരവനുകളുടെ ക്രമീകരണം. ശീതീകരിച്ച മുറികള്‍, അടുക്കള, കുളിമുറി, ഇന്റര്‍നെറ്റ്‌ തുടങ്ങി ഹോട്ടലുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഈ വാഹനത്തിലുണ്ടായിരിക്കും. കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക്‌ പുതിയ സാധ്യതകള്‍ തുറക്കുന്ന പദ്ധതിയായി കാരവന്‍ ടൂറിസം മാറുമെന്നതില്‍ സംശയമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News