വ്ലാദിമിർ പുടിൻ V/ S വ്ലാദിമിർ സെലന്‍സ്കി; ആരാണിവർ?

യുക്രൈൻ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോർ വിളികൾ ശക്തം…ഈ പോർ വിളികൾ നയിക്കുന്ന റഷ്യയുടെ വ്ലാദിമിർ പുടിനും യുക്രൈനിന്റെ വ്ലാദിമിർ സെലന്‍സ്കിയും ആരാണ്?ഇവരുടെ കരുതെന്താണ്? എങ്ങനെയാണ് സെലന്‍സ്കി യുക്രൈന്റെ വ്ലാദിമിർ സെലന്‍സ്കി ആയത്? എങ്ങിനെയാണ് വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ റഷ്യയുടെ വ്ലാദിമിർ പുട്ടിനായത്?

റഷ്യ വിപ്ലവത്തിന്റെ വളക്കൂറ് എമ്പാടുമുള്ള മണ്ണ്.1917 ലെ ഒക്ടോബർ വിപ്ലവത്തിന് ശേഷം ലെനിൻ,സ്റ്റാലിൻ തുടങ്ങി നിരവധി വിപ്ലവ സഖാക്കൾ മാറി മാറി ഭരിച്ച ശേഷം റഷ്യയിൽ കഴിഞ്ഞ 20 വർഷമായി പരമാധികാരം കൈയാളുന്നത് ഒരേഒരാളാണ് അതെ അത് വേറെ ആരുമല്ല വ്ലാദിമിർ പുടിൻ തന്നെ.

ഏതൊരു ജനാധിപത്യസമൂഹത്തിനുമെന്നതുപോലെ റഷ്യയിലും ആ ഭരണാധികാരിക്കെതിരെ പല രൂക്ഷ വിമർശനങ്ങളും പലപ്പോഴായി ഉയർന്നുവന്നിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപമെല്ലാം അസ്തമിച്ചെങ്കിലും റഷ്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്.നോർവേ മുതൽ നോർത്ത് കൊറിയ വരെ നീണ്ട് നിവർന്ന് കിടക്കുന്ന ഈ മഹാരാജ്യത്തിന്റെ തലപ്പത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് വാഴുന്നത് വ്ലാദിമിർ പുടിൻ തന്നെയാണ്.

ആദ്യം പ്രധാനമന്ത്രി പിന്നീട് പ്രസിഡന്റ് പിന്നീടങ്ങോട്ട് പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റേയും എല്ലാം റോൾ പലപ്പോഴും പുടിൻ കൈകാര്യം ചെയ്തു.. രാജ്യത്തിന്റെ അധികാര കേന്ദ്രവും പുടിനൊപ്പം തന്നെ നീങ്ങി തുടങ്ങിയിരുന്നു.

അടിച്ചൊതുക്കുക എന്നതാണ് ചെറുപ്പം മുതലെ വ്ളാഡിമർ പുടിന്റെ രീതി… റഷ്യയുടെ പ്രതാപം തിരിച്ചു പിടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മാർഗവും അതു തന്നെയാണെന്ന് പുടിൻ ഉറച്ചു വിശ്വസിക്കുന്നു. പതിനാലാം വയസിൽ സഹപാടിയുടെ കാൽ അടിച്ചൊടിച്ച വ്ളാഡിമർ പുടിൻ അതേ പറ്റി അദ്ധ്യാപികയോട് പറഞ്ഞത് “ചിലർക്ക് അടിയുടെ ഭാഷ മാത്രമെ മനസിലാകു എന്നാണ്. 2015 ൽ റഷ്യയുടെ പ്രസിഡന്റ് ആയ ശേഷം അദ്ദേഹം പറഞ്ഞത് “ഏറ്റുമുട്ടൽ ഒഴിവാക്കാനായില്ലെങ്കിൽ ആദ്യം അടിക്കണം “എന്നാണ് ആയോധന കലയായ ജൂഡോയിലും മാർഷൽ ആർട്സിലും സമർഥനായ പുടിന്റെ രാഷ്ട്രീയ തന്ത്രവും അതു തന്നെയാണ്. എതിരാളികൾ ചുവടു വയ്ക്കും മുൻപെ അടിച്ചൊതുക്കുക.

രണ്ട് ദശകം പിന്നിട്ട ഭരണക്കാലത്ത് റഷ്യയിൽ ഉയർന്നുവന്ന വിമതശബ്ദങ്ങളെ ഓരോന്നായി പുടിൻ അടിച്ചമർത്തി.ഒട്ടേറെ മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു. 2018 മാർച്ചിൽ നാലാം വട്ടവും പ്രസിഡന്റായ പുടിൻ 2024 ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും തുടരാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി 2020 ൽ കൊണ്ടുവന്നു. സോവിയറ്റ് കാലത്തേതെന്നതുപോലെ സർവ്വാധികാരവും ഒരാളിൽ കേന്ദ്രീകരിക്കുന്ന ഭരണസംവിധനത്തിലേക്കാണ് പുടിൻ റഷ്യയെ മാറ്റിയത്.

ഇനി യുക്രയിനിനെ നയിക്കുന്ന വ്ലാദിമിർ സെലന്‍സ്കിയുടെ കാര്യമെടുത്താൽ… അഴിമതിയുടെയും അധിനിവേശങ്ങളുടെയും കോട്ടയായി യുക്രെയിന്‍ മാറിയ ഒരു കാലത്ത്, അവിടെ ഒരു ടിവി ഷോ അരങ്ങേറുന്നു. 36-കാരനായ ഹാസ്യ നടനാണ് താരം. അയാളുടെ തമാശകൾ ജനങ്ങളെ ചിരിപ്പിക്കുന്നു. പ്രതിസന്ധികൾക്കിടയിലെ ആശ്വാസമാകുന്നു. സംഭവം നടക്കുന്നത് 2014-ൽ. സെർവന്റ്സ് ഓഫ് പീപ്പിൾ എന്ന ആ കോമഡി ഷോയിൽ അധ്യാപകനായി എത്തിയ ആള്‍ പിന്നെ ആ രാജ്യത്തിന്റെ പ്രസിഡന്റാകുന്നതാണ് കഥ. വർഷങ്ങൾക്കിപ്പുറം 2019-ൽ യുക്രെയ്നിന്റെ പ്രസിഡന്റായ ആ മനുഷ്യന്‍റെ പേരാണ് വ്ലാദിമിർ സെലെൻസ്കി.

വലിയ യുദ്ധങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ആ സാധാരണക്കാരൻ അന്ന് സ്വപ്നം പോലും കണ്ടുകാണില്ല. യുക്രെയ്ൻ പ്രസിഡന്റിന്റെ കഥ ഇങ്ങനെ ലോകം അടയാളപ്പെടുത്തുമെന്നും.

ക്രൈവിഹീറിൽ ജൂതവംശജനായി ജനിച്ച സെലെൻസ്കി 41-ാമത്തെ വയസ്സിലാണ് രാജ്യത്തലവനാകുന്നത്.സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെയും, എതിരാളികളെ പരിഹസിച്ചുമായിരുന്നു സെലൻസ്‌കിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നിരുന്നത്.ചിരിച്ചും ചിരിപ്പിച്ചും ജനങ്ങളോട് ചേർന്ന് നിൽക്കുന്ന സെലൻസ്‌കിയെ യുക്രൈൻ ജനത കൈവിട്ടില്ല. വൻ ഭൂരിപക്ഷത്തോടെയാണ് സെലൻസ്‌കി അധികാരത്തിലേറിയത്. സാധാരണക്കാരനായ മനുഷ്യന്‍ ഒരു ജനതയുടെ ഭരണതലപ്പത്ത് എത്തിയതിന്‍റെ അസാധാരണമായ കഥയാണിത്.

നിലവിൽ ഇരുരാജ്യങ്ങളും കടുത്ത യുദ്ധപ്രഖ്യാപനങ്ങളുമായി മുന്നോട്ട് പോവുകയാണ്. യുക്രൈൻ റഷ്യയുടെ കിരീടത്തിലെ രത്നം ആണെന്നും ഇരുരാജ്യങ്ങളും ഒരൊറ്റ ജനതയാണെന്നും പ്രഖ്യാപിച്ചിരുന്ന പുട്ടിൻ ഇപ്പോൾ
നിഷ്കളങ്കരായ യുക്രൈൻ ജനതയ്ക്ക് നേരെ വെടിയുതിർക്കുകയാണ്.ഒരുഭാഗത്ത് കരുത്തനായ റഷ്യയുടെ പുട്ടിനും മറുഭാഗത്ത് രാഷ്ട്രീയ പാരമ്പര്യമില്ലാത്ത സെലന്‍സ്കിയും നിൽക്കുമ്പോൾ കണ്ടറിയണം ഇരുരാജ്യങ്ങളുടെയും ഭാവി ഇനി എന്താണെന്ന്….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here