തെക്ക് നിന്നും വടക്കോട്ട് ‘ഒരു ഹൃദയം’; ഒടുവിൽ ഫാത്തിമ പുഞ്ചിരിച്ചു

18കാരനായ തമിഴ് യുവാവിന്‍റെ ഹൃദയം കശ്മീര്‍ സ്വദേശിനിയായ 33 കാരിയില്‍ മിടിച്ച് തുടങ്ങി. ശ്രീനഗര്‍ സ്വദേശിനിയായ ഷാഹ്സാദി ഫാത്തിമയ്ക്കാണ് ട്രിച്ചി സ്വദേശിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. റെസ്ട്രിക്റ്റീവ് കാര്‍ഡിയോ മയോപതിമൂലമാണ് ഷാഹ്സാദി ഫാത്തിമയുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തകരാറിലായത്. ജനുവരി 26നാണ് ഫാത്തിമയുടെ ഹൃദയശസ്ത്രക്രിയ നടന്നത്. ദിവസ വേതനക്കാരനായ സഹോദരന്‍ മുഹമ്മദ് യൂനിസിനൊപ്പമായിരുന്നു ഫാത്തിമ ജീവിച്ചിരുന്നത്.

സഹോദരിയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സാഹചര്യം പോലും ശ്രീനഗറില്‍ ഇവര്‍ക്കുണ്ടായിരുന്നില്ല. കശ്മീരില്‍ വച്ച നടന്ന പരിശോധനകളില്‍ ഫാത്തിമയുടെ പ്രശ്നം എന്താണെന്ന് പോലും കണ്ടെത്തിയിരുന്നില്ല. ചണ്ഡിഗഡിലെത്തി നടത്തിയ പരിശോധനയിലാണ് ഫാത്തിമയുടെ ഹൃദയത്തിനാണ് തകരാറ് എന്ന് കണ്ടെത്തുന്നത്. ദിവസങ്ങള്‍ പിന്നിടും തോറും ഫാത്തിമയുടെ അവസ്ഥ മോശമായി വരികയും ചെയ്തതോടെ സഹോദരനും പ്രതീക്ഷയറ്റ നിലയിലായി.

ഈ അവസ്ഥയിലാണ് എംജിഎം ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലംഗ്സിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റായ ഡോ ആര്‍ രവികുമാര്‍ ഫാത്തിമയുടെ രക്ഷകനായി എത്തുന്നത്. നാല് വര്‍ഷത്തോളം ഗുരുതര രോഗവുമായി മല്ലിട്ട ശേഷമാണ് ഫാത്തിമ ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്. അനുയോജ്യമായ ഡോണറെ കണ്ടെത്താനുണ്ടായ കാലതാമസമായിരുന്നു ഇതിന് കാരണം.

ഒരു എന്‍ജിഒയാണ് ഫാത്തിമയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത്. തമിഴ്നാട് സര്‍ക്കാരിന്‍റെ ചികിത്സാ സൌകര്യവും ഫാത്തിമയ്ക്ക് ലഭ്യമായി. മസ്തിഷ്കാഘാതം നേരിട്ട പതിനെട്ടുകാരന്‍റെ ഹൃദയം നാലുമണിക്കൂറിനുള്ളിലാണ് ഫാത്തിമയ്ക്ക് വച്ചുപിടിപ്പിച്ചത്. ചെന്നൈയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ട്രിച്ചിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഹൃദയം എത്തിച്ചത്. കൃത്യസമയത്ത് ഹൃദയം ദാനം ചെയ്യാന്‍ മനസ്ഥിതി കാണിച്ച പതിനെട്ടുകാരന്‍റെ മാതാപിതാക്കളോടാണ് ഏറെ കടപ്പാടെന്നാണ് ഫാത്തിമ പ്രതികരിക്കുന്നത്. പൂര്ണ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞ ദിവസമാണ് ഫാത്തിമ ആശുപത്രി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News