കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്; സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടല്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് എന്‍ജിഒ അസോസിയേഷനിലേക്ക് പടര്‍ന്നതോടെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടല്‍. യോഗം അലങ്കോലമായതോടെ സെക്രട്ടറിയേറ്റ് അംഗത്തെ തിരഞ്ഞെടുക്കാതെ നടപടികള്‍ അവസാനിപ്പിച്ച് പിരിഞ്ഞു. സംഘടനാ നേതൃത്വം പിടിച്ചെടുക്കാനുള്ള കെ.സുധാകരന്റെ നീക്കത്തിനെതിരെയാണ് എ-ഐ വിഭാഗങ്ങളുടെ പ്രതിഷേധം ശക്തമാകുന്നത്.
വിഡി.സതീശനെതിരെയും ഒരുവിഭാഗം നേതാക്കള്‍ രംഗത്ത്.

കോണ്‍ഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ എന്‍ജിഒ അസോസിയേഷന്‍ പിടിച്ചെടുക്കാനുള്ള കെ.സുധാകരന്റെ നീക്കവും, ഇതിനെതിരെ എ-ഐ ഗ്രൂപ്പുകളുടെ പ്രതിരോധവുമാണ് സംഘര്‍ഷത്തിന് കാരണം. ഇതിനിടയില്‍ ഒഴിവുള്ള സംസ്ഥാന സെക്രട്ടറിമാരുടെ ഒരു ഒഴിവില്‍ എറണാകുളത്ത് നിന്നുള്ള വി പി സുകുമാറിനെ വിഡി സതീശന്‍ ഇടപെട്ട് നിയമിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ നിലപാടെടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

ഒരിടവേളക്ക് ശേഷം ഓണ്‍ലൈനില്‍ അല്ലാതെ ചേര്‍ന്ന വിപുലമായ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയത്. സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് ചില അംഗങ്ങളെ ഏ ഗ്രൂപ്പ് നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം പറഞ്ഞതോടെ ആദ്യം ബഹളമായി. തുടര്‍ന്ന് മുദ്രാവാക്യം വിളിയായി. ഇരു വിഭാഗങ്ങളും ഏറ്റുമുട്ടില്‍ ആയതോടെ, യോഗം അലസിപ്പിരിഞ്ഞു. അനുരഞ്ജന ഫോര്‍മുലയായി കെ പി സി സി നേതൃത്വം പറഞ്ഞ പേരുകള്‍ പോലും ഉള്‍പ്പെടുത്തുന്നില്ലെന്ന് എതിര്‍പക്ഷം ആരോപിക്കുന്നു.

കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല അസോസിയേഷന്‍ പവര്‍ത്തിക്കുന്നതെന്നാണ് ഉദ്യോഗികപക്ഷത്തിന്റെ നിലപാട്.എ ഗ്രൂപ്പിന് മേല്‍ക്കൈയുണ്ടായിരുന്ന NGO അസോസിയേഷനിന്റെ നേതൃത്വത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസിലെ നേതൃമാറ്റത്തോടെ കെ.സുധാകരനോട് അടുത്തതോടെയാണ് സംഘടനയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇതിനിടയില്‍ വിഡി സതീശന്റെ ഇടപെടല്‍ കൂടി വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഫലത്തില്‍ നാല് ഗ്രൂപ്പുകളായി പിരിഞ്ഞിരിക്കുകയാണ് സംഘടന. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ സംഘടന പിളരുമെന്നാണ് നേതാക്കള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News