നൊമ്പരക്കാഴ്ച്ചയായി യുക്രൈനിലെ കൂട്ടപലായനങ്ങള്‍…

യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേഷവും കടന്നാക്രമണവും കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് യുക്രൈന്‍ ജനതയെക്കൊണ്ടെത്തിച്ചിരിക്കുന്നത്. റഷ്യ തങ്ങളുടെ സര്‍വ്വസന്നാഹങ്ങളുമായി കടന്നുക്കയറിയപ്പോള്‍ ഭീതിയിലും ഒറ്റപ്പെടലിലേക്കുമാണ്ട് പോയത് യുക്രൈന്‍ ജനതയാണ്. സ്വന്തം നാടും വീടും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന ഉറപ്പുപ്പോലുമില്ലാതെ നിസ്സഹായരായ യുക്രൈന്‍ ജനത കൂട്ടപലായനം ചെയ്യുകയാണ്.

ഒരു ലക്ഷത്തിലധികം പേര്‍ ഇതിനകം അതിര്‍ത്തി രാജ്യങ്ങളിലേക്ക് പലായനം ചെയ്തുവെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര കിലോമീറ്ററുകള്‍ താണ്ടിയാലാകും അഭയാര്‍ത്ഥികള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനാവുക? പിഞ്ചുകുഞ്ഞുങ്ങളെയടക്കം ചേര്‍ത്തുപ്പിടിച്ച് അയല്‍രാജ്യങ്ങളിലേക്ക് നടന്നുനീങ്ങുന്ന നിസ്സഹായരായ യുക്രൈന്‍ ജനത ലോകമനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. റഷ്യയുടെ കടന്നാക്രമണത്തെ നേരിടുന്ന യുക്രൈന്‍ ജനതയുടെ നിസ്സഹായാവസ്ഥയുടെ നേര്‍ക്കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്.

ഉന്നതവിദ്യാഭാസത്തിനായി കേരളത്തില്‍ നിന്നടക്കം യുക്രൈനിലേക്ക് എത്തിയ വിദ്യാര്‍ഥികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബങ്കറുകളിലും ഹോസ്റ്റലുകളിലും മെട്രോ സ്റ്റേഷനുകളിലുമൊക്കെയായി നിരവധി വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. എങ്ങനെയും നാട്ടിലേക്കെത്തുന്നതിനായി വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ എംബസിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. ചിത്രം വ്യക്തമാണ്. ലോകത്തെവിടെ യുദ്ധം നടന്നാലും പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുക വെറും സാധാരണക്കാരായ, നിസ്സഹായരായ ജനതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here