ചർച്ചയ്ക്കായി ബലാറസിലേക്കില്ലെന്ന് സെലന്‍സ്കി ; പകരം 3 വേദികള്‍ നിർദേശിച്ചു

ചർച്ചയ്ക്കായി മൂന്ന് വേദികൾ നിർദേശിച്ച് യുക്രൈൻ. വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവടങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്. എന്നാൽ ബലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. ചർച്ചയ്ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിച്ചു.

യുക്രൈന്‍ നഗരങ്ങളില്‍ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്. കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രൈന്‍റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. കാര്‍കീവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായത്. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശമുണ്ട്. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖാർകീവിലെ ഒരു അപ്പാർട്ട്മെന്‍റിന് നേരെ റഷ്യൻ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമുള്ള റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ.

അതേ സമയം സാധാരണക്കാർക്ക് ആയുധം നൽകി സൈന്യത്തിൽ ചേർത്ത് റഷ്യൻ ആക്രമണത്തെ ചെറുക്കുകയാണ് യുക്രൈൻ. റഷ്യൻ അധിനിവേശം തടയാൻ യുക്രൈന് ആയുധ പിന്തുണ നൽകുമെന്ന് കൂടുതൽ രാജ്യങ്ങളറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News