നരേന്ദ്ര മോദിയെ വിമര്‍ശിച്ച കുട്ടികളെ അഭിനന്ദിച്ച് തമിഴ് നാട് മുഖ്യമന്ത്രി

ടെലിവിഷന്‍ ഷോയിലെ സ്‌കിറ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കുട്ടികളെ നേരിട്ട് അഭിനന്ദിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സ്വന്തം ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് അദ്ദേഹം കുട്ടികളെ അഭിനന്ദിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിലും കുട്ടികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍, വസ്ത്രധാരണം, പൊതു മേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ എന്നിവയടക്കം വിമര്‍ശിച്ചായിരുന്നു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ കുട്ടികള്‍ സ്‌കിറ്റ് അവതരിപ്പിച്ചത്.

രാജാവും വിദൂഷകനും തമ്മിലുള്ള സംഭാഷണരൂപത്തിലായിരുന്നു സ്‌കിറ്റ്. കഴിഞ്ഞ മാസം ആദ്യമായിരുന്നു സ്‌കിറ്റ് അവതരിപ്പിച്ചത്. സ്‌കിറ്റ് ടെലികാസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്നാട് ബി.ജെ.പി ഘടകം പ്രതിഷേധവുമായി രംഗത്തെത്തി. ചാനലിന് നേരെ ബി.ജെ.പി ആക്രമണവും ആരംഭിച്ചിരുന്നു.

ചാനല്‍ മാപ്പ് പറയണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. റിയാലിറ്റി ഷോ ഡയറക്ടറെ പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയാനോ റിയാലിറ്റി ഷോ ഡയറക്ടറെ പുറത്താക്കാനോ ചാനല്‍ തയാറായില്ല.

തുടര്‍ന്ന് തമിഴ്‌നാട് ബി.ജെ.പി ഐ.ടി സെല്‍ പ്രസിഡന്റ് സി.ടി.ആര്‍ നിര്‍മല്‍ കുമാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നല്‍കി. ഇതിന് പിന്നാലെ മന്ത്രാലയം ചാനലിന് നോട്ടീസ് നല്‍കി.

ജനുവരി 18നു ചാനലിന് നോട്ടീസ് നല്‍കിയ മന്ത്രാലയം ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വെബ് സൈറ്റില്‍ നിന്നും വിവാദ ഭാഗം ഒഴിവാക്കാമെന്ന് ചാനല്‍ സമ്മതിച്ചതോടെ മന്ത്രാലയം നടപടി അവസാനിപ്പിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here