ഇന്ത്യക്കാരുടെ രക്ഷാദൗത്യം: കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി

യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി.

കൊടും തണുപ്പില്‍ നടന്ന് പോളണ്ട് എത്തിയ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ യുക്രൈനിലെ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും പങ്കുവെച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി.

യുക്രൈനില്‍ കുടുങ്ങിയ മലയാളികളില്‍ നിന്ന് നിരവധി ദുരിത സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാര്‍കിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവര്‍ക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

കൊടും തണുപ്പില്‍ നടന്ന് പോളണ്ട് എത്തിയ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ യുക്രൈനിലെ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും പങ്കുവെച്ചു. ഇത് പരിഹരിക്കാന്‍ യുക്രൈന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിര്‍ത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.

അതിര്‍ത്തിയില്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കി.
റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് മന്ത്രി അറിയിച്ചു.
ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിര്‍വഹിച്ച വിദേശകാര്യ മന്ത്രാലയത്തോടുള്ള നന്ദി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here