എന്തുക്കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി യുക്രൈന്‍ തെരഞ്ഞെടുക്കുന്നു? കാരണങ്ങള്‍ ഇതാണ്….

യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചതോടെയാണ് ഇന്ത്യയില്‍ നിന്ന് ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന യാഥാര്‍ഥ്യം പലരും അറിഞ്ഞ് തുടങ്ങിയത്. യുക്രൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 18,000ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെ ഉപരിപഠനത്തിനായി എത്തിയിരിക്കുന്നത്.

വര്‍ഷംതോറും നിരവധി വിദ്യാര്‍ത്ഥികളാണ് യുക്രൈനിലേക്ക് ഉപരിപഠനത്തിനായി പോകുന്നത്. എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി യുക്രൈന്‍ തെരഞ്ഞെടുക്കുന്നത്? കാരണങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി യുക്രൈന്‍ തെരഞ്ഞെടുക്കുന്നതിന് പ്രധാനമായ ഒരു കാരണം യുക്രൈനില്‍ എംബിബിഎസ് പൂര്‍ത്തീകരിക്കുന്നതിനായുള്ള ചെലവ് തന്നെയാണ്. ഇന്ത്യയില്‍ എംബിബിഎസ് പഠിക്കാന്‍ 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ചെലവ് വരുന്നിടത്ത് യുക്രൈനില്‍ വരുന്ന ചെലവ് വെറും 20 മുതല്‍ 25 ലക്ഷം വരെയാണ്. യുക്രൈനില്‍ മറ്റു വിദേശ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ പഠന ചെലവ് വളരെ കുറവാണ്.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വളരെ കുറവാണ്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഉയര്‍ന്ന റാങ്ക് നേടിയാല്‍ മാത്രമേ ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന്‍ ലഭിക്കുകയുള്ളു. ഇത് മെഡിക്കല്‍ സീറ്റുകളുടെ ഗണ്യമായ കുറവ് മൂലമാണ്. അതേസമയം യുക്രൈനില്‍ ധാരാളം സര്‍വകലാശാലകളാണുള്ളത്. അതിനാല്‍ ഒരേ സമയം തന്നെ എണ്ണമറ്റ വിദ്യാര്‍ത്ഥിള്‍ക്ക് മെഡിക്കല്‍ പഠനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കും.

മറ്റൊരു പ്രധാന കാരണം സര്‍ട്ടിഫിക്കേഷനാണ്. ഇന്ത്യയില്‍ ജോലിക്കായി എല്ലാ വിദേശ സര്‍വകലാശാലയിലേയും ബിരുദ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കില്ല. എന്നാല്‍ യുക്രൈന്‍ സര്‍വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ഉള്ളതാണ്.

യുക്രൈനു പുറമെ ചൈന, റഷ്യ, ഫിലിപ്പീന്‍സ്, ജോര്‍ജിയ, ഖസാകിസ്താന്‍ തുടങ്ങിയ ഇടങ്ങളിലും ഇന്ത്യന് വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠനത്തിനായി പോകുന്നുണ്ട്. അതേസമയം വിദേശ സര്‍വകലാശാലകളില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ എത്തുന്നവര്‍ പ്രാക്ടീസിനായി ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ പാസാകേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News