യുക്രൈന്‍ എങ്ങിനെയാണ് റഷ്യക്ക് തലവേദനയാകുന്നത്?…യഥാര്‍ത്ഥത്തില്‍ യുക്രൈനും റഷ്യയും തമ്മിലാണോ യുദ്ധം?

റഷ്യന്‍ യുക്രൈന്‍ അതിര്‍ത്തി മാസങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുകയായിരിരുന്നു. അവസാനം ആ യുദ്ധത്തിന്റെ സൈറണ്‍ മുഴങ്ങി. പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ അനുമതി കിട്ടിയതിന് പിന്നാലെ യുക്രൈനിലേക്ക് ഇരച്ച് കയറുകയായിരുന്നു റഷ്യന്‍ സൈന്യം..കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ യുക്രൈനെ വരിഞ്ഞ് മുറുക്കിയായിരുന്നു റഷ്യയുടെ ബഹുമുഖ ആക്രമണം.

44 ദശലക്ഷമാണ് യുക്രെയ്‌നിലെ ജനസംഖ്യ. സൈനികശക്തിയിലോ സാമ്പത്തിക ശക്തിയിലോ റഷ്യയുടെ അടുത്തൊന്നുമെത്താന്‍ യുക്രെയ്‌ന് സാധ്യമല്ല. പിന്നെന്താണ് യുക്രെയ്ന്‍ പുടിനെ പ്രകോപിതനാക്കാന്‍ കാരണം?

യൂറോപ്യന്‍ യൂണിയനുമായും യു.എസ് നേതൃത്വം നല്‍കുന്ന നാറ്റോ സൈനിക സഖ്യമായും യുക്രെയ്ന്‍ കൂടുതല്‍ അടുക്കുന്നത് തന്നെയാണ് റഷ്യയുടെ തലവേദന. നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം 2008ല്‍ തന്നെ യുക്രെയ്ന്‍ പരസ്യമാക്കിയിരുന്നു. ഇത് റഷ്യയെ ചൊടിപ്പിക്കുകയും ചെയ്തു. റഷ്യയെ ലക്ഷ്യം വെച്ചുള്ള മിസൈലുകളുടെ ലോഞ്ച്പാടായി നാറ്റോ യുക്രെയ്‌നെ ഉപയോഗിക്കുമെന്നാണ് പുടിന്‍ പറഞ്ഞത്. തങ്ങളുടെ അയല്‍രാജ്യം എതിര്‍ചേരിയിലെത്തുന്നത് ഭീഷണിയാണെന്ന് റഷ്യക്ക് ഉറപ്പാണ്. ഇതെല്ലാം മുന്നില്‍ കണ്ട് ഇക്കഴിഞ്ഞ ഡിസംബറില്‍ റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങളുടെ നീണ്ട പട്ടികയുണ്ട്. അതില്‍ പ്രധാനം യുക്രെയിനെ ഒരിക്കലും നാറ്റോയില്‍ ചേരാന്‍ അനുവദിക്കരുതെന്നതാണ്. എന്നാല്‍, അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഈ ആവശ്യം തള്ളിയതാണ്.നാറ്റോയില്‍ അംഗത്വമെടുത്താല്‍ യുക്രെയ്‌നെ ആക്രമിക്കുമെന്ന് പുടിന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, മറുവശത്ത് യുക്രെയ്‌ന് പിന്തുണയുമായി യു.എസും, യു.കെയും ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികളും നാറ്റോയുമെത്തി. ഇതോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിച്ചത്.

അങ്ങനെ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. യുക്രൈനെതിരെ കടുത്ത ആക്രമണം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ് റഷ്യന്‍ സൈന്യം. നിര്‍ഭയരായി യുക്രൈന്‍ സൈന്യവും യുദ്ധമുഖത്തുണ്ട്.
ആയുധം വെച്ച് കീഴടങ്ങുന്നതാണ് നല്ലതെന്നും നാറ്റോ വിപുലീകരണത്തിന് യുക്രെയിനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റഷ്യ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യുക്രെയിനെ സൈനിക രഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ബാഹ്യശക്തികള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. രക്തച്ചൊരിച്ചിലുണ്ടായാല്‍ ഉത്തരവാദികള്‍ യുക്രെയിനും സഖ്യകക്ഷികളുമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.

ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയാത്ത ഒന്നാണെങ്കിലും യുക്രെയിന് എതിരായ പുടിന്റെ നീക്കത്തെ പത്തില്‍ ഒന്‍പതു പേരും അനുകൂലിക്കുന്നു എന്നുള്ളതാണ് യാര്‍ത്ഥ്യം. ഈ സാഹചര്യം പുടിന് പകരുന്ന ആത്മ വിശ്വാസം ചെറുതല്ല. 1991ല്‍ യുക്രെയിനെ സ്വതന്ത്രമാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധമെന്നു കരുതുന്ന ഒരു ജനവിഭാഗമാണ് റഷ്യയിലെ ഭൂരിപക്ഷവും. ആ ഒരു തെറ്റു തിരുത്താന്‍ ഈ യുദ്ധം മൂലം കഴിയുന്നെങ്കില്‍ അങ്ങനെയാകട്ടെ എന്നാണ് റഷ്യക്കാര്‍ കരുതുന്നതും.

എന്തായലും യുദ്ധം കടുപ്പിച്ച് റഷ്യയും ആയുധം താഴെ വെക്കില്ലെന്ന് ഉറപ്പിച്ചും ഉക്രൈനും രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലും പുട്ടിനുമായുള്ള ചര്‍ച്ചയ്ക്ക് സെലന്‍സ്‌കി തയ്യാറായിരരിക്കുമ്പോള്‍ എല്ലാവര്ക്കും സ്വീകാര്യമായ ഒരു സമാധാന പദ്ധതി രൂപപെടുമോ അതല്ല വന്‍ ശക്തികള്‍ തമ്മിലുള്ള ശീത യുദ്ധം തുടരുമോ എന്ന് കാത്തിരുന്ന കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here