അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ടുള്ള നയരേഖ

നവകേരള സൃഷ്‌ടിക്കായുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കർമ പരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാടു നൽകാനുള്ള നയരേഖയ്‌ക്ക്‌ സിപിഐ എം സംസ്ഥാന സമ്മേളനം രൂപംനൽകും. വൈകിട്ട്‌ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ രേഖ അവതരിപ്പിക്കും.

കേരളത്തിന്റെ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ്‌ സമ്മേളനത്തിൽ വികസന രേഖ അവതരിപ്പിക്കുന്നത്‌. കമ്യൂണിസ്റ്റ് പാർട്ടിയുടെ 1956ലെ സമ്മേളനത്തിലാണ്‌ ആദ്യമായി വികസനരേഖ അവതരിപ്പിക്കപ്പെട്ടത്‌.

ഭാവികേരളത്തിന്റെ വികസനകാഴ്ചപ്പാടുകൾ സംബന്ധിച്ച പ്രമേയമായിരുന്നു 1957ലെ ഒന്നാം ഇ എം എസ് സർക്കാർ തുടക്കം കുറിച്ച കേരള വികസന പദ്ധതികളുടെ അടിസ്ഥാനം. ഭൂ ഉടമസമ്പ്രദായം മാറ്റുക, മൗലികവ്യവസായങ്ങൾ പൊതു ഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് ആസൂത്രണ നിർവഹണം നടത്തുക, വിദ്യാഭ്യാസം സാർവത്രികമാക്കുക, ജനാധിപത്യാവകാശങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ആ സമ്മേളനത്തിലെ നിർദേശങ്ങളായിരുന്നു.

കേരള മോഡൽ എന്ന വികസന സങ്കൽപ്പത്തിന് അടിത്തറ പാകിയതും അതേത്തുടർന്നാണ്‌. വികസനത്തിന്റെ ബദൽ സാധ്യതകൾക്കായി അന്താരാഷ്ട്ര കേരള പഠനകോൺഗ്രസുകളും തുടങ്ങി. ആദ്യ പഠനകോൺഗ്രസ് 1994ൽ നടന്നു.

1996ലെ നായനാർ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ ദിശാരൂപം നൽകിയത്‌ ആ പാർട്ടി കോൺഗ്രസിലെ നിർദേശങ്ങളായിരുന്നു. ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവ മാതൃകാപദ്ധതികളായി, ഐടി @ സ്‌കൂൾ, അക്ഷയ, മെട്രോ, അതിവേഗപാത എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതും ഇതേത്തുടർന്നാണ്‌.

അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വികസനരേഖയാണ്‌ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്‌. പിന്നീട്‌ വിവിധ തലങ്ങളിൽ ചർച്ചചെയ്യും. ഉന്നത വിദ്യാഭ്യാസം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുക, പരമ്പരാഗത വ്യവസായങ്ങളെയും പ്രോൽസാഹിപ്പിക്കുക, വ്യവസായങ്ങൾക്ക്‌ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുക, ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയവ വികസനരേഖയുടെ ഭാഗമായുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel