അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ രാഷ്ട്രീയ ആയുധമായി മാറുന്നു ; സീതാറാം യെച്ചൂരി

വിപൽക്കരമായ നയങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.മോദി സർക്കാർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുകയാണെന്നും അതിന് ബദലായ പ്രത്യയശാസ്ത്രങ്ങളാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്നും അതുകൊണ്ടാണ് കേന്ദ്രം കേരളത്തിനെതിരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ(എം) സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണ ജനജീവിതം കേന്ദ്രം താറുമാറാക്കുന്നു.രാജ്യം നിർണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

ഈ ഘട്ടത്തിൽ ഭാവികേരളത്തിന്റെ നയരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നത്.രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ കേന്ദ്രം നശിപ്പിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് കേന്ദ്രം ഉപയോഗിക്കുന്നു.അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ രാഷ്ട്രീയ ആയുധമായി മാറുന്നുവെന്നും യെച്ചൂരി പറഞ്ഞു.

മോദി സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു.കഴിഞ്ഞ 4 വർഷവും പ്രതിഷേധങ്ങൾ ഉയരുക തന്നെയായിരുന്നു.കർഷക സമരം ഐതിഹാസിക ചരിത്രമെഴുതി.

ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ കേന്ദ്രം അമേരിക്കയ്ക്ക് അടിയറവ് വച്ചു. കൊവിഡ് മഹാമാരിയെ ശരിയായി നേരിടാൻ മോദി സർക്കാരിന് കഴിഞ്ഞില്ല. മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥത കൊവിഡ് മരണങ്ങള്‍ കൂട്ടി. രാജ്യത്ത് വാക്‌സിൻ അസമത്വം സൃഷ്ടിച്ചുവെന്നും യെച്ചൂരി വ്യക്തമാക്കി.

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദനാണ് പതാക ഉയർത്തിയത്. ചുവന്നു നിൽക്കുന്ന സമ്മേളന നഗരിയിൽ ആവേശമായി പതാക ഗാനവും ചുവന്ന ബലൂണുകളും ഉയർന്നുപൊങ്ങി . പതാകയുയർത്തിയോടെ സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായി നാലുനാൾ നീളുന്ന സംസ്‌ഥാന സമ്മേളനത്തിന്‌ തുടക്കമായി.

രക്‌തസാക്ഷി മണ്‌ഡപത്തിൽ പുഷ്‌പാർച്ചന നടത്തി അഭിവാദ്യമർപ്പിച്ച പ്രതിനിധികൾ സമ്മേളന വേദിയിലേക്ക്‌ പ്രവേശിച്ചു. സ്വാഗതഗാന ആലാപനത്തോടെ സമ്മേളനം തുടങ്ങി.സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌ പങ്കെടുക്കുന്നത്‌.

പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്‌, ജി രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. 12.15ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ 5.30ന്‌ ഗ്രൂപ്പുചർച്ച തുടങ്ങും.

നാലുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്നതിനൊപ്പം നവകേരളനിർമിതിക്കായുള്ള നയരേഖയും സമ്മേളനം ചർച്ച ചെയ്യും. ഭാവി കേരളത്തിന്റെ വികസനത്തിനുള്ള കർമപരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാട്‌ നൽകാനുള്ള നയരേഖ വൈകിട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News