ഖർകീവിൽ രൂക്ഷമായ റോക്കറ്റാക്രമണം

യുക്രെയ്ൻ–റഷ്യ പ്രതിനിധികളുടെ ചർച്ചയുടെ രണ്ടാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം നടക്കും. അധിനിവേശത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെയും യുക്രെയ്നിലെ വിവിധ മേഖലകളിൽ റഷ്യൻ സേന ആക്രമണം തുടർന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ, റഷ്യൻ അതിർത്തിയോടു ചേർന്ന ഖർകീവിൽ രൂക്ഷമായ റോക്കറ്റാക്രമണങ്ങളിൽ പാർപ്പിടസമുച്ചയങ്ങൾ തകർന്നു. ഒട്ടേറെ മരണങ്ങളുണ്ടെന്നാണു റിപ്പോർട്ട്. തലസ്ഥാനമായ കീവിലും സ്ഫോടനങ്ങളുണ്ടായി.

തെക്കുകിഴക്കൻ യുക്രെയ്നിലെ ബെർഡിയാൻസ്ക്, എനർഗൊദാർ എന്നീ പട്ടണങ്ങൾ കൂടി റഷ്യൻ സേന പിടിച്ചു. മറ്റു പ്രദേശങ്ങളിൽ യുക്രെയ്ൻ സേന ശക്തമായി ചെറുത്തുനിൽക്കുന്നുവെന്നാണു റിപ്പോർട്ടുകൾ. ഉത്തര യുക്രെയ്നിലെ ചെർണീവിലും പാർപ്പിടസമുച്ചയം മിസൈലാക്രമണത്തിൽ തകർന്നു.

കീവിനു വടക്ക് 30 കിലോമീറ്റർ അകലെയാണു റഷ്യൻ സൈനികരിലേറെയുമെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം പറയുന്നു. പ്രതിരോധം ശക്തമായതോടെയാണു സേനാനീക്കം മന്ദഗതിയിലായത്. കീവിലെ കർഫ്യൂ തുടരുന്നു. ജനങ്ങളോട് നഗരം വിട്ടുപോകാൻ റഷ്യൻസേന ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.

റഷ്യൻ ആക്രമണം തുടങ്ങിയ ശേഷം യുക്രെയ്നിൽ 14 കുട്ടികൾ അടക്കം 352 പേർ കൊല്ലപ്പെട്ടെന്നും 1684 പേർക്കു പരുക്കേറ്റെന്നും യുക്രെയ്ൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. അഞ്ചു ലക്ഷത്തോളം യുക്രെയ്ൻകാർ പോളണ്ട് അടക്കം അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തെന്ന് യുഎൻ അഭയാർഥിവിഭാഗം (യുഎൻഎച്ച്സിആർ) വ്യക്തമാക്കി. അതിർത്തി സ്റ്റേഷനുകളിൽ 40 മണിക്കൂർ വരെ കാത്തുനിന്നശേഷമാണു യാത്ര. പോളണ്ട്, ഹംഗറി, റുമാനിയ, മോൾഡോവ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിൽ അഭയാർഥികളെ പാർപ്പിക്കാനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.

ബെലാറൂസിലെ യുഎസ് എംബസി അടച്ചു. റഷ്യയിലെ യുഎസ് എംബസിയിലെ അടിയന്തര സേവനം ഒഴികെയുള്ള വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമെങ്കിൽ രാജ്യം വിടാനും അനുമതി നൽകി.

കൂടുതൽ വ്യോമപ്രതിരോധ മിസൈലുകളും ടാങ്ക് വേധ ആയുധങ്ങളും യുക്രെയ്നിനു നൽകുമെന്നു നാറ്റോ മേധാവി യെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. യുക്രെയ്നിന് ആയുധങ്ങൾ വാങ്ങാനായി സാമ്പത്തിക സഹായം നൽകുമെന്നു കഴിഞ്ഞദിവസം യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ചിരുന്നു. ഫിൻലൻഡ് യുക്രെയ്നിന് ആയുധങ്ങൾ അയച്ചു.

യുക്രെയ്ൻ അഭയാർഥികൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കാനും ജോലിയെടുക്കാനും 27 അംഗ യൂറോപ്യൻ യൂണിയൻ അനുമതി നൽകി. റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകളെയും ബ്രിട്ടൻ തങ്ങളുടെ തുറമുഖങ്ങളിൽ വിലക്കി.

യൂറോപ്യൻ യൂണിയൻ റഷ്യൻ വിമാനങ്ങളെ വിലക്കിയതിനു തിരിച്ചടിയായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളടക്കം 36 രാജ്യങ്ങളുടെ വിമാനങ്ങളെ റഷ്യയും വിലക്കി. ആണവ മിസൈൽ സേനയും ഉത്തര, പസിഫിക് ആണവക്കപ്പലുകളും സജ്ജമാക്കി നിർത്തിയതായി റഷ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉപരോധത്തെ ചൈന വിമർശിച്ചു.

വിവിധ യൂറോപ്യൻ നഗരങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത യുദ്ധവിരുദ്ധ റാലികൾ നടന്നു. റഷ്യയിലും ബെലാറൂസിലും യുദ്ധവിരുദ്ധ റാലികളിൽ പങ്കെടുത്ത ആയിരങ്ങൾ അറസ്റ്റിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News