യുദ്ധത്തെ പോലും തോല്‍പ്പിച്ച് സൈറയുമായി ആര്യ കേരളത്തിലേക്ക്

റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് തിരികെ വരുമ്പോള്‍ തന്റെ വളര്‍ത്തുനായയെയും പൊന്നു പോലെ കൂടെക്കൂട്ടിയിരിക്കുകയാണ് സൈറ. യുദ്ധഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. പ്രിയപ്പെട്ട സൈബീരിയന്‍ വളര്‍ത്തുനായ സൈറ, ആര്യയ്‌ക്കൊപ്പം നാട്ടിലേക്ക് തിരിച്ചുകഴിഞ്ഞു.

ദേവികുളം ലാക്കാട് സ്വദേശികളായ ആള്‍ട്രിന്‍-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, യുക്രൈന്‍ കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്. കീവില്‍ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തില്‍നിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു.

ഇതിനിടയില്‍ നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോള്‍ തന്നോടൊപ്പം സൈറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, ഉദ്യോഗസ്ഥരെ അറിയിച്ചു. അവരും ആര്യയെ സഹായിച്ചു. സര്‍ക്കാര്‍ ഇടപാടുചെയ്ത ബസില്‍, അയല്‍രാജ്യമായ റൊമാനിയയിലേക്ക് ഞായറാഴ്ചയാണ് പുറപ്പെട്ടത്. രാത്രി പുറപ്പെട്ട ബസ് റൊമാനിയന്‍ അതിര്‍ത്തിയില്‍നിന്നു 12 കിലോമീറ്റര്‍ ദൂരെ നിര്‍ത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ നടന്ന് അതിര്‍ത്തിയിലെത്തി. ഇതിനിടയില്‍ സൈറയ്ക്ക് നടക്കാനാകാതെ വന്നപ്പോള്‍ ആര്യയ്ക്ക് സെറയെ എടുക്കേണ്ടിവന്നു. അതിര്‍ത്തിയിലെത്തിയപ്പോള്‍ റൊമാനിയന്‍ പട്ടാളക്കാര്‍ സൈറയെ തടഞ്ഞുവെച്ചു.

എന്നാല്‍, സെറയെയും കൊണ്ടേ പോകൂവെന്ന് ആര്യ ശഠിച്ചു. പട്ടാളക്കാര്‍ക്ക് വഴങ്ങേണ്ടി വന്നു. പിന്നീട്, ബസില്‍ റൊമാനിയന്‍ വിമാനത്താവളത്തിലേക്ക്. തിങ്കളാഴ്ച വൈകീട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ മകളും സെറയും യാത്രതിരിക്കുമെന്നും ചൊവ്വാഴ്ച വെളുപ്പിന് ഡല്‍ഹിയിലെത്തുമെന്നും ആര്യയുടെ അച്ഛന്‍ ആള്‍ട്രിന്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തുന്ന ആര്യയെ സ്വീകരിക്കാന്‍ രാവിലെ പോകുമെന്നും അദ്ദേഹം പറഞ്ഞു. കടന്നാക്രമണങ്ങളില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു പോവേണ്ടി വരുന്ന ആളുകളില്‍ നിന്ന് ആര്യയെ വ്യത്യസ്തയാക്കുന്നത് തന്റെ നായ്ക്കുട്ടിയോടുള്ള അതിതീവ്ര സ്നേഹമാണ്

ആര്യക്ക് മന്ത്രിയുടെ അഭിനന്ദനം

ആര്യ മനുഷ്യത്വത്തിന്റെ ആള്‍രൂപമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ആര്യയെ അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വൈറലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here