വിപല്‍ക്കരമായ നയങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റേത്; സീതാറാം യച്ചൂരി

ഫാസിസ്റ്റ് ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപി രാജ്യത്തെ പ്രത്യേകമായ ഒരവസ്ഥയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. അമിതാധികാര പ്രവണത എല്ലാ തലത്തിലും വ്യാപിക്കുന്നെന്നും അത് പൗരാവകാശവും ജനാധിപത്യാവകാശവും കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യമേറെ നിര്‍ണായകമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് സിപിഐ എം കേരള സംസ്ഥാന സമ്മേളനം നടക്കുന്നത്. വിപല്‍ക്കരമായ നയങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റേത്. കേന്ദ്രം ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. വരാനിരിക്കുന്ന 23-ാം പാര്‍ടി കോണ്‍ഗ്രസില്‍ രാജ്യത്തെ ചൂഷിത വര്‍ഗങ്ങളും തൊഴിലാളി വര്‍ഗവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുക മാത്രമല്ല, രാജ്യത്ത് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഇടപെടല്‍ കൂടി പരിശോധിച്ച് അവയെ മറികടക്കാനുള്ള നയവും നിലപാടും ആവിഷ്‌കരിക്കുകയും ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ പ്രധാനമന്ത്രി ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു കാര്യം സൂചിപ്പിക്കുകയുണ്ടായി. ‘ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളത്, കേരളത്തില്‍ മാത്രമാണുള്ളതെങ്കിലും ഏറെ അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അത് ഈ രാജ്യത്ത് അപകടം സൃഷ്ടിക്കും. അതുകൊണ്ട് അവയെ ഇല്ലാതാക്കുക എന്നത് പ്രധാന ലക്ഷ്യമായി കാണുന്നു’; എന്നദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ഈ പ്രത്യയശാസ്ത്രം അപകടകരമാകുന്നത്. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന രാജ്യത്തിനെതിരായുള്ള എല്ലാ നയങ്ങള്‍ക്കും എതിരായ ബദല്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നു എന്നതുകെണ്ടാണത്.

രാജ്യത്തെ ആസ്തികള്‍ കൊള്ളയടിക്കുന്നതിനെതിരായ ബദല്‍ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നു. ആ ബദല്‍ നയത്തിന്റെ പ്രയോഗവേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രിയ്ക്ക് കേരളവും ഇടതുപക്ഷവും അപകടകരമായി തോന്നുന്നത്. സംസ്ഥാന സമ്മേളനം പ്രത്യേകമായി ഭാവി കേരളത്തിന്റെ കാഴ്ചപ്പാടും വികസന സമീപനവും ചര്‍ച്ച ചെയ്യുന്നു. ശരിയായ രൂപത്തിലുള്ള ബദല്‍ ശക്തിപ്പെടുത്തുന്നതിന് അത് സഹായകരമായിരിക്കും. ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയും മുന്നോട്ടുവയ്ക്കുന്ന രാജ്യത്തിനെതിരായ നയങ്ങളേയും വെല്ലുവിളികളേയും പ്രതിരോധിക്കാന്‍ കഴിയുന്ന കാഴ്ചപ്പാട് കേരളത്തിനും ഇടതുപക്ഷത്തിനും മുന്നോട്ട് വയ്ക്കാന്‍ കഴിയണം.

പാര്‍ടി കോണ്‍ഗ്രസിനും സംസ്ഥാന സമ്മേളനത്തിനും ശേഷമുള്ള നാല് വര്‍ഷക്കാലം വലതുപക്ഷ അക്രമണോല്‍സുക രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിന്റെതായിരുന്നു. ഫാസിസ്റ്റ് ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപി രാജ്യത്തെ പ്രത്യേകമായ ഒരവസ്ഥയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഒരുവശത്ത് ഉദാരവത്കരണ നയം ശക്തിപ്പെടുന്നു. മറുവശത്ത് ദേശീയ സ്വത്ത് കൊള്ളയടിക്കുന്നു അമിതാധികാര പ്രവണത എല്ലാ തലത്തിലും വ്യാപിക്കുന്നു. പൗരാവകാശം കവര്‍ന്നെടുക്കുന്നു. ജനാധിപത്യാവകാശം കവര്‍ന്നെടുക്കുന്നു. ഇതാണ് രാഷ്ട്രീയാനുഭവം.

2019ലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത്. അന്ന് മുതല്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടിമറിക്കുന്നതിനാണ് ശ്രമം. ജമ്മു കാശ്മീര്‍ സംസ്ഥാനം ഇല്ലാതാക്കിയത്, ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്, എല്ലാം ഇതിന്റെ ഭാഗമായിരുന്നു. പൗരത്വ ഭേദഗതി നിയമം വഴി മതവും പൗരത്വവും തമ്മില്‍ ബന്ധപ്പെടുത്തി. അത് ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടില്‍ നിന്നുള്ള പൂര്‍ണമായ വ്യതിയാനമായിരുന്നു. പാര്‍ലമെന്റ്, ജുഡീഷ്യറി എന്നിവയുടെ സ്വതന്ത്ര സ്വഭാവം മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗിക്കുന്നു. സിബിഐ, ഇഡി അടക്കമുള്ള രാജ്യത്തെ അന്വേഷണ ഏജന്‍സികളും ബിജെപിയുടെ രാഷ്ട്രീയ ഉപകരണങ്ങളായി മാറുകയും അവരുടെ രാഷ്ട്രീയ അജന്‍ഡയുടെ പ്രചരണത്തിന് നേതൃത്വം നല്‍കാനും ശ്രമിക്കുന്നു.

പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തില്‍ യുവാക്കള്‍ വ്യാപകമായി ഉണ്ടായിരുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത. ഒരു കൈയില്‍ ഭരണഘടനയുടെ ആമുഖവും മറുകൈയില്‍ ദേശീയ പതാകയുമായി, ഈ ഭരണഘടനയെ ഞങ്ങള്‍ സംരക്ഷിക്കും എന്നുറക്കെ പ്രഖ്യാപിച്ച ചെറുപ്പക്കാര്‍ പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോയി. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ജൂനിയര്‍ പങ്കാളിയായി നമ്മുടെ രാജ്യത്തെ മാറ്റുന്ന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയാണ് മോഡി സര്‍ക്കാര്‍. അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന എല്ലാ സാമ്രാജ്യത്വ കൂട്ടായ്മയുടേയും ഭാഗമാകാന്‍ ഇന്ത്യക്ക് ഒരു മടിയുമില്ല.

രാജ്യത്ത് മഹാമാരിയെ നേരിടുന്നതില്‍ ഭരണവര്‍ഗം പരാജയപ്പെട്ടു. രാജ്യത്ത് അനാവശ്യ മരണങ്ങളുണ്ടായി. ദരിദ്ര രാഷ്ട്രത്തിലേക്ക് വാക്സിന്‍ എത്തുന്നതില്‍ പരിമിതി ഉണ്ടായി. വാക്സിന്റെ ഈ അസമത്വമാണ് മഹാമാരിയെ വ്യാപിപ്പിച്ച പ്രധാന ഘടകം. രാജ്യത്ത് പട്ടിണി ഗുരുതരമാകുകയാണെന്നാണ് അന്തര്‍ദേശീയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ സമ്പത്തിന്റെ 50 ശതമാനവും കൈയടക്കിയിരിക്കുന്നത് രാജ്യത്തെ പത്ത് സമ്പന്നരാണ്. ജനതയുടെ 50 ശതമാനത്തിന്റെ കൈയില്‍ രാജ്യസമ്പത്തിന്റെ 13 ശതമനമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News