ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം

ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിൽ നടക്കുന്ന മത്സരത്തിൽ കരുത്തരും മുംബൈ സിറ്റിയാണ് എതിരാളി. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ബ്ലാസ്റ്റേഴ്സിന് ജയിച്ചേ തീരൂ.

പോയിൻറ് പട്ടികയിൽ അഞ്ചാമതുള്ള കേരളാ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത്  2 മത്സരങ്ങളാണ് . അഡ്രിയാൻ ല്യൂണ നയിക്കുന്ന ഈ അഡാർടീം 2 മത്സരങ്ങളും ജയിച്ച്  പ്ലേ ഓഫിലിടം നേടുമെന്ന കാര്യത്തിൽ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് സംശയമില്ല.

ആദ്യപാദത്തിൽ നേടിയ അട്ടിമറിവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് കൊമ്പുകോർക്കാനൊരുങ്ങുന്നത്. മെസിയുടെ നാട്ടുകാരനായ ജോർഗെ പെരീര ഡിയാസിന്റെ ഗോളടി മികവിലാണ് ടീമിന്റെ പ്രതീക്ഷ.

നായകൻ ല്യൂണയും വാസ്ക്വേസും സിപോവിച്ചും ഹോർമിപാമും ഹർമൻജ്യോത് ഖാബ്രയുമെല്ലാം തകർപ്പൻ പ്രകടനം കെട്ടഴിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം ഏതുമില്ല. ഗോൾ വലയ്ക്ക് മുന്നിൽ  പ്രഭ്ശുഖൻ സിങ് ഗില്ലിന്റെ മാസ്മരിക സേവുകളും ടീമിന് കരുത്തേകും.

ഒരു പോയിൻറ് കൂടുതൽ ഉള്ള മുംബൈ സിറ്റിയെ ഇന്ന് പരാജയപ്പെടുത്താനായാൽ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനം തിരിച്ചു പിടിക്കാം. അവസാന മത്സരത്തിൽ ഗോവയെ കൂടി തോൽപിച്ചാൽ നീണ്ട ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താം.

അതേസമയം ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെയും അടുത്ത മത്സരത്തിൽ ഹൈദരാബാദിനെതിരെയും തകർപ്പൻ വിജയമാണ് മുംബൈയുടെ ലക്ഷ്യം. ഒരു തോൽവി പ്ലേ ഓഫ് സാധ്യതകൾ തകിടം മറിക്കുമെന്നതിനാൽ കരുതലോടെയാണ് ഐലൻഡേഴ്സ് .

10 ഗോളുകൾ നേടിക്കഴിഞ്ഞ ഇഗോർ അൻഗൂളോയാണ് മുംബൈ സിറ്റിയുടെ പ്ലേമേക്കർ. ആദ്യപാദത്തിലെ നാണക്കേടിന് കണക്ക് തീർക്കാൻ ഉറച്ച് തന്നെയാണ് ചാമ്പ്യന്മാരുടെ ഒരുക്കം.ഏതായാലും നടപ്പ് സീസൺ ഇതേ വരെ കണ്ടിട്ടില്ലാത്ത ഉശിരൻ ത്രില്ലറിനാണ് തിലക് മൈതാൻ വേദിയാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News