കണ്ണൂർ – മംഗലാപുരം പാതയിൽ റെയിൽവേ യാത്ര ദുരിതപൂർണ്ണം. പാസഞ്ചർ ട്രെയിനിന് പകരമായി അനുവദിച്ച മെമുവിൽ റേക്കുകൾ കുറവായതിനാൽ തിങ്ങി ഞെരിഞ്ഞാണ് യാത്ര. വിവിധ എക്സ്പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ അനുവദിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന കണ്ണൂർ – മംഗലാപുരം പാസഞ്ചർ ട്രെയിന് പകരമായാണ് ജനുവരി മാസം മുതൽ പുതിയ മെമു സർവ്വീസ് ആരംഭിച്ചത്. കൊവിഡ് കാലത്ത് റദ്ധാക്കിയ പാസഞ്ചർ ട്രെയിനിന് പകരം മെമുവെത്തിയപ്പോൾ പ്രതീക്ഷയോടെയാണ് യാത്രക്കാർ വരവേറ്റത്.
എന്നാൽ മെമു യാത്ര ഇപ്പോൾ ഇവർക്ക് നരകയാത്രയാണ്. തുടക്കത്തിൽ 12 റേക്കുകൾ ഉണ്ടായിരുന്ന മെമു ഇപ്പോൾ 8 ഉം 9 ഉം റേക്കുകളുമായാണ് സർവീസ് നടത്തുന്നത്. കംപാർട്ട്മെന്റിനകത്ത് കാലുകുത്താനിടമില്ലാതെ വാതിലിനടുത്തുൾപ്പെടെ അപകരമായ നിലയിൽ നിന്നു കൊണ്ടാണ് യാത്ര.
അധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പോവുന്നവരും , മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നവരുമുൾപ്പെടെ മെമുവിനെ ആശ്രയിക്കുന്നവർ നിരവധിയാണ്.
യാത്ര ദുരിതത്തിന് പരിഹാരം കാണാൻ റേക്കുകളുടെ എണ്ണം വർധിപ്പിക്കുകയോ, പഴയ പാസഞ്ചർ ട്രെയിൻ പുന:സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നേരത്തെ പാസഞ്ചർ ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്ന ചന്തേര , കളനാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പില്ല.
കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വിവിധ എക്സ്പ്രസ് ട്രെയിനുകളിൽ അൺ റിസർവ്ഡ് ടിക്കറ്റുകൾ നൽകാത്തതും സീസൺ ടിക്കറ്റ് യാത്ര അനുവദിക്കാത്തതും യാത്രക്കാരുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു. യാത്രാ ദുരിതത്തിന് റെയിൽവേ അടിയന്തിര പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.