ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് മറ്റന്നാൾ മൊഹാലിയിൽ തുടക്കം. മുൻ നായകൻ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് എന്ന പ്രത്യേകതയും മൊഹാലി ടെസ്റ്റിനുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്.
ഇതിഹാസ താരം വിരാട് കോഹ്ലിയുടെ കരിയറിലെ നൂറാം ടെസ്റ്റ് അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കളിക്കാനായിരുന്നു പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. പക്ഷെ ആരാധകരുടെ പ്രതിഷേധം അണപൊട്ടിയതോടെ പി.സി.എ മുട്ടുമടക്കി.
മൊഹാലി സ്റ്റേഡിയത്തിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. ഇതുവരെ 99 ടെസ്റ്റുകളിൽ നിന്ന് 50. 39 ശരാശരിയിൽ 27 സെഞ്ചുറികൾ ഉൾപ്പെടെ 7962 റൺസാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം. എന്നാൽ കഴിഞ്ഞ 28 മാസമായി കോഹ്ലിയുടെ ബാറ്റിൽ നിന്നും സെഞ്ചുറി പിറന്നിട്ടില്ല.
സെഞ്ചുറി വരൾച്ചയുടെ കണക്ക് തീർക്കുന്ന പ്രകടനം നൂറാം ടെസ്റ്റിൽ കിങ് കോഹ്ലി പുറത്തെടുത്താൽ മൊഹാലിയിലെത്തുന്ന ആരാധകർക്ക് അത് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കും. ഇന്ത്യയ്ക്ക് വേണ്ടി നൂറോ അതിൽ കൂടുതലോ ടെസ്റ്റുകൾ കളിക്കുന്ന പതിനൊന്നാമത്തെ താരമായി കോഹ്ലി മാറും.
200 ടെസ്റ്റുകളിൽ കളിച്ച സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്. രോഹിത് ശർമയുടെ ക്യാപ്ടൻസിയിൽ ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. മയാങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ്സ് അയ്യർ , റിഷബ് പന്ത്,ഹനുമ വിഹാരി എന്നിവരാണ് ബാറ്റിംഗ് നിരയിലെ പ്രധാനികൾ.
ഉപനായകൻ ജസ്പ്രീത് ബൂമ്ര നയിക്കുന്ന ബോളിംഗ് ഡിപ്പാർട്ട്മെൻറിന് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അശ്വിൻ, ജഡേജ, കുൽദീപ് യാദവ് എന്നിവർ കരുത്തേകും. ടെസ്റ്റ് പരമ്പരയിലും സമ്പൂർണ്ണ വിജയമാണ് രോഹിതിന്റെയും സംഘത്തിന്റെയും ലക്ഷ്യം.അതേസമയം പരിചയ സമ്പന്നർ ഏറെ ഉണ്ട് ദിമുത് കരുണരത്നെ നയിക്കുന്ന ലങ്കൻ ടീമിൽ.
ഉപനായകൻ ധനഞ്ജയ ഡിസിൽവ , ചരിത് അസലങ്ക, പത്തും നിസംഗ, കുശാൽ മെൻഡിസ്, ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡീമൽ , നിരോഷൻ ഡിക്ക് വെല്ല എന്നിവരാണ് ടീമിലെ പരിചയ സമ്പന്നർ . ഓൾ റൌണ്ടർമാരുടെ സാന്നിധ്യവും ലങ്കൻ ടീമിനെ വേറിട്ടു നിർത്തുന്നു.
ഈ പരമ്പരയോടെ ലങ്കൻപേസർ സുരംഗ ലക്മൽ വിരമിക്കും. ട്വന്റി-20 പരമ്പരയിലെ സമ്പൂർണ്ണ തോൽവിക്ക് കണക്ക് തീർക്കാനുറച്ചാണ് മരതക ദ്വീപുകാരുടെ പടയൊരുക്കം. ഏതായാലും വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് അരങ്ങേറുന്ന മൊഹാലി സ്റ്റേഡിയത്തിലേക്കാണ് ഇനിയുള്ള മണിക്കൂറുകളിൽ ആരാധകരുടെ ശ്രദ്ധ മുഴുവൻ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.