വികസന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം ; കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയൻ സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാടാണ് വികസന നയരേഖ.

വികസന നയരേഖ പാർട്ടി നയത്തിന് എതിര് എന്നാണ് ഒരുപത്രം പ്രചരിപ്പിച്ചത്. തുടർ ഭരണം ലഭിച്ചത് ചിലർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അവരാണ് തെറ്റായ പ്രചാരവേലക്ക് പിന്നിലെന്ന് കോടിയേരി പറഞ്ഞു.

നയരേഖ പാർട്ടി പരിപാടിക്ക് അനുസരിച്ച് തന്നെയാണ്. പാർട്ടി പരിപാടി എന്താണ് എന്ന് അറിയാത്തവരാണ് കുപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കാം എന്ന് പാർട്ടി പരിപാടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസിൻ്റെ കരട് പ്രമേയം ചൂണ്ടിക്കാട്ടിയാണ് ചിലർ തെറ്റായ പ്രചാരണം നടത്തുന്നത്. പാർട്ടിയുടെ കേന്ദ്രനയവും , വികസന നയരേഖയും തമ്മിൽ ഒരു വൈരുദ്ധ്യവുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റെടുത്തുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസന നയരേഖയ്ക്ക് 4 ഭാഗങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത 25 വർഷം കൊണ്ട് ജനങ്ങളുടെ ജീവിതം നിലവാരം ഉയർത്തണം.ഇതിനായി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.ഉൽപാദനം വർദ്ധിപ്പിച്ച് നീതിയുക്തമായി വിതരണം ചെയ്യണം.വൈഞ്ജാനിക രംഗത്ത് കുതിച്ച് ചാട്ടം ഉണ്ടാകണമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യ എല്ലാവർക്കും ലഭ്യമാക്കണം. അറിവുകളെ കൂടുതൽ പ്രയോഗവത്കരിക്കണം.ഭരണസംവിധാനം ജനസൗഹൃദം ആക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. പ്രാദേശിക സർക്കാരുകളും സഹകരണ മേഖലയും സഹകരിച്ച് പ്രവർത്തിക്കണം.

സംസ്ഥാനത്തിൻ്റെ പൊതുതാൽപ്പര്യത്തിന് വിരുദ്ധമല്ലാത്ത വായ്പകൾ സ്വീകരിക്കണം. സംസ്ഥാന താത്പര്യം ഹനിക്കാത്ത വായ്പകൾ സ്വീകരിക്കാം എന്ന് നയരേഖയിൽ വ്യക്തമാക്കുന്നുണ്ട്. നാടിൻ്റെ താൽപര്യങ്ങളെ ഹനിക്കുന്നതാവില്ല പദ്ധതികൾ. ചിലർ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കാഴ്ചപ്പാട് എൽ ഡി എഫിൽ ചർച്ച ചെയ്യും. വിദഗ്ധരുമായും ഇക്കാര്യം ചർച്ച ചെയ്യും. പൊതുവായ വികസനമാണ് ലക്ഷ്യം.പാവപ്പെട്ടവർക്ക് മുൻഗണന നൽകും.നയരേഖയിൽ വിശദമായ ചർച്ച എല്ലാ തട്ടിലും നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here