റഷ്യ – യുക്രൈൻ യുദ്ധത്തെ ലോകം ഉറ്റു നോക്കുകയാണ്. ഈ യുദ്ധം ഓരോ രാജ്യത്തേയും പലരീതിയിലും ബാധിയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.കൊവിഡിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു വരുന്ന നമ്മുടെ രാജ്യത്തെ ഇത് ഏത് തരത്തിൽ ബാധിയ്ക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ…?
സമൂഹ മാധ്യമങ്ങളിൽ യുദ്ധത്തെക്കുറിച്ച് വരുന്ന പരിഹാസ ട്രോളുകൾ കണ്ടാൽ, അത് ഇടുന്നവരുടേയും ഷെയർ ചെയ്യുന്നവരുടേയും ഭാവം കണ്ടാൽ തോന്നും ഇതൊന്നും ഇവരെയാരേയും ബാധിക്കില്ലെന്ന്.
ADVERTISEMENT
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നടക്കുമ്പോൾ ആ പ്രതിസന്ധി ആ രണ്ട് രാജ്യങ്ങളെ മാത്രമല്ല ബാധിക്കുക. ആഗോളതലത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ അലയടിക്കുന്നതായിരിക്കും. ക്രൂഡ് ഓയിൽ വില വർധനവ് മുതൽ മാർക്കറ്റ് ഷെയർ മൂല്യങ്ങളെ വരെ ഇത്തരം യുദ്ധങ്ങൾ ബാധിക്കും.
ചില രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമത്തിന് പോലും സാധ്യതയുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യം റഷ്യയാണ്.യുക്രൈനും വൻ തോതിൽ ഭക്ഷ്യ സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്. ഈജിപ്ത്, തുർക്കി, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ രാജ്യങ്ങൾ കൂടുതലായി റഷ്യയിൽ നിന്നുള്ള കയറ്റുമതിയിലാണ് ആശ്രയിക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന യുക്രൈന്‍ ,റഷ്യ, കസാക്കിസ്ഥാൻ, റൊമാനിയ എന്നീ രാജ്യങ്ങൾ പ്രധാനമായും കരിങ്കടൽ വഴിയാണ് കയറ്റുമതി നടത്തുന്നത്. എന്നാൽ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തിൽ ഇത് തടസപ്പെടുകയും ഭക്ഷണ സാധനങ്ങളുടെ വില വർധിക്കുകയും ചെയ്യും.ഇത്തരം ആഗോള തലത്തിലെ പ്രതിസന്ധികൾ ഇന്ത്യയിലും പ്രതിഫലിക്കും.
2020ലെ കണക്ക് അനുസരിച്ച് പ്രതിദിനം 10.50 ദശലക്ഷം ബാരൽ ഉൽപ്പാദന നിലവാരമുള്ള, എണ്ണ ഉൽപ്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് റഷ്യ. റഷ്യയും യുക്രൈനും യുദ്ധത്തിലേർപ്പെടുകയാണെങ്കിൽ, ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും വില കുത്തനെ ഉയരും. അസംസ്‌കൃത എണ്ണയുടെ വില ഇപ്പോൾ ബാരലിന് 100 ഡോളറിനടുത്താണ്.
80 ശതമാനവും എണ്ണ ഇന്ത്യ, ഇറക്കുമതി ചെയ്യുകയാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ..? എണ്ണ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിലൊന്നായിരിക്കാം ഇന്ത്യ.
ഇന്ത്യയിൽ ആകെ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ പകുതിയും, ഇറക്കുമതി ചെയ്യുന്ന എൽഎൻജി അല്ലെങ്കിൽ ലിക്യുഫൈഡ് നാച്ചുറൽ ഗ്യാസാണ്. ഇന്ത്യ റഷ്യയിൽ നിന്ന് എൽഎൻജി കാര്യമായി ഇറക്കുമതി ചെയ്യുന്നില്ല. എന്നാൽ യുദ്ധം ആഗോളതലത്തിൽ ലിക്യുഫൈഡ് നാച്ചുറൽ ഗ്യാസിന്റെ വില വർധിക്കാൻ കാരണമാകും.അസംസ്‌കൃത എണ്ണവില ഉയരുന്നത് മണ്ണെണ്ണയുടെ വില വർധിക്കാനും കാരണമാകും. ഇതുമൂലം ഇന്ത്യയിലും ഇതിന്റെ വില വർധിക്കും.
ഇന്ത്യയിൽ സൂര്യകാന്തി എണ്ണ ഇറക്കുമതിയുടെ 70 ശതമാനവും എത്തുന്നത് യുക്രൈനിൽ നിന്നാണ്. ഇതുകൂടാതെ, സൂര്യകാന്തി എണ്ണയുടെ വില ഉയരുമ്പോൾ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് ഭക്ഷ്യ എണ്ണകളുടെ വില ഉയരാനും കാരണമായേക്കും.
ഊർജ വിലയിലെ വർദ്ധനവ് വൈദ്യുതി ഉൽപ്പാദനത്തിന്റെ വില കുതിച്ചുയരാൻ ഇടയാക്കും. ഇതുമൂലം ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് ഉയരും. യുദ്ധം പ്രതികൂലമായി ബാധിക്കാൻ പോകുന്ന മറ്റൊരു അവശ്യവസ്തു ഗോതമ്പാണ്. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദകരാണ് റഷ്യയും യുക്രൈനും. വിളയുടെ ആഗോള ഉൽപാദനത്തിന്റെ നാലിലൊന്നും ഈ രാജ്യങ്ങളിൽ നിന്നാണ്. യുദ്ധം മൂലം ആഗോളതലത്തിൽ വിളയുടെ വിതരണത്തിൽ തടസ്സം ഉണ്ടായാൽ അത് ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരാൻ ഇടയാകും.
റഷ്യ – യുക്രൈൻ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഓഹരി വിപണിയിൽ വൻ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഫെബ്രുവരി 16 ബുധനാഴ്ച മുതൽ തുടർച്ചയായി ഓഹരി വിപണി നഷ്ടത്തിൽ തന്നെ തുടരുകയാണ്.
സ്വർണവിലയേയും റഷ്യ-യുക്രൈൻ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് 1.1% ഉയർന്ന് ഔൺസിന് 1,932 ഡോളർ നിലവാരത്തിലെത്തി.
പെല്ലേഡിയത്തിന്റെ വിലയും കൂടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മൊബൈൽ ഫോണുകൾ, ഓട്ടോമോട്ടിവ് എക്‌സോസ്റ്റ് സിസ്റ്റം എന്നിവയിൽ ഉപയോഗിക്കുന്ന ലോഹവസ്തുവാണ് പെല്ലേഡിയം. ലോകത്ത് ഏറ്റവും കൂടുതൽ പെല്ലേഡിയം കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്.
യുക്രൈനിലേക്ക് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റാൻബാക്‌സി, സൺ ഗ്രൂപ്പ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നീ സ്ഥാപനങ്ങൾക്ക് യുക്രൈനിൽ ഓഫിസുകളുണ്ട്. യുദ്ധം വന്നതോടെ ഈ കയറ്റുമതിയേയും അത് ബാധിക്കും.ഇത്രയുമൊക്കെ പോരേ സാധാരണക്കാരുടെ ജീവിതം തലകീഴായി മറിയാൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.