വിദേശകാര്യ മന്ത്രിക്ക് എളമരം കരീം എംപിയുടെ കത്ത്

ഓപറേഷന്‍ ഗംഗ: യാത്രക്കാരുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ – ഉദ്യോഗസ്ഥ ഇടപടലെന്ന പരാതിയില്‍ പരിഹാരമുണ്ടാകണമെന്നും എംബസി ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നും
ആവശ്യപ്പെട്ട് എളമരം കരീം എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് . ജയശങ്കറിന് കത്തയച്ചു.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയില്‍ വീഴ്ചകളുണ്ടാകുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് സ്വന്തം നിലയില്‍ സഞ്ചരിച്ച് എത്തുന്ന ഇന്ത്യക്കാര്‍ മാത്രമാണ് പ്രധാനമായും ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഗുണഭോക്താക്കള്‍.

യുദ്ധം ഏറ്റവും രൂക്ഷമായ സുമി, ഖാര്‍കീവ്, കീവ്, എന്നിവിടങ്ങളില്‍ ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടത്. എന്നാല്‍ ഇവരെ ബന്ധപ്പെടാന്‍ പോലും ഇതുവരെയായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. എംബസിയുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ കൃത്യമായ മറുപടിയോ മാര്‍ഗനിര്‍ദേശമോ ലഭിക്കുന്നില്ലെന്നാണ് എം പി യുടെ ഓഫീസില്‍ ലഭിച്ച പരാതികളില്‍ പറയുന്നത്. ഇത് കൂടാതെ നാട്ടിലേക്കുള്ള യാത്രക്കാരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ നടത്തി മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതില്‍ വിവേചനം കാണിക്കുന്നുവെന്നാണ് പരാതികള്‍. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് രാജ്യത്തിന് തീരാകളങ്കമാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപടലെന്ന പരാതിയില്‍ പരിഹാരമുണ്ടാകണമെന്നും എംബസി ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ ശങ്കറിന് കത്തയച്ചത്. എംബസി ഉദ്യോഗസ്ഥരോട് രക്ഷാപ്രവര്‍ത്തനത്തിന് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News