സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയില്‍

സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയില്‍. കേന്ദ്ര നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ചാനലിന്റെ ലൈസന്‍സ് ഏകപക്ഷീയമായി റദ്ദാക്കിയെന്നും, നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പ്രതികൂല നിലപാട് സ്വീകരിച്ചതോടെയാണ് മീഡിയ വണ്‍ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചാനല്‍ വിലക്കിന് രാജ്യസുരക്ഷയെന്ന കാരണമാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ മാറ്റുകയായിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ വാദത്തിനിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

എന്നാല്‍ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്‌നമാണെന്നും മീഡിയാവണ്‍ വാദിക്കുന്നു .കേന്ദ്ര സര്‍ക്കാര്‍ നടപടി ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാകണമെന്ന് വാദത്തിനിടെ ചാനല്‍ ആവശ്യപ്പെട്ടു. ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നാണ് അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News