യുക്രൈയിനില്‍നിന്ന് 154 മലയാളി വിദ്യാര്‍ത്ഥികള്‍കൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തി; മുഖ്യമന്ത്രി പിണറായി വിജയന്‍

യുക്രൈയിനില്‍നിന്ന് 154 മലയാളി വിദ്യാര്‍ത്ഥികള്‍കൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.’ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ 398 മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ എത്തി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരുന്നതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ അറിയിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യുക്രൈയിനില്‍നിന്ന് 154 മലയാളി വിദ്യാര്‍ത്ഥികള്‍കൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തിയിട്ടുണ്ട്. ഇവരടക്കം ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ 398 മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ എത്തി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇന്ന് വൈകിട്ട് 4.30നു പുറപ്പെട്ട വിമാനം രാത്രി 8.15നു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റാണിത്. ഇതില്‍ 168 വിദ്യാര്‍ത്ഥികളെയാണു നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി കേരള ഹൗസില്‍ വിശ്രമിക്കുകയായിരുന്ന 36 വിദ്യാര്‍ത്ഥികളും ഇന്നു രാവിലെ എത്തിയ 134 വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘമാണിത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രിമാരും, ജനപ്രതിനിധികളും, നോര്‍ക്ക അധികൃതരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി വിമാനത്താവളത്തില്‍നിന്നു തിരുവനന്തപുരത്തേക്കും കാസര്‍ഗോഡേക്കും നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നോര്‍ക്ക വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇന്ന് എത്തിയവരില്‍ മലയാളി വിദ്യാര്‍ത്ഥികളില്‍ ഏഴു പേരെ 6.55നുള്ള ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ കൊച്ചിയിലേക്കും രണ്ടു പേരെ 6.55നുള്ള ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ കണ്ണൂരേയ്ക്കും, അഞ്ചു പേരെ 8.10നുള്ള എയര്‍ഏഷ്യ ഫ്‌ലൈറ്റില്‍ കൊച്ചിയിലേക്കും യാത്രയാക്കി. അഞ്ചു പേരെ 10.45നുള്ള ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തേക്ക് അയക്കും. ഇവരടക്കം ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സ്വദേശത്തേക്ക് എത്തിക്കാനായിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ കേരളത്തിനു പുറത്തു സ്ഥിരതാമസമാക്കിയവരാണ്. ഒരാള്‍ ഇന്നലെ രാത്രിതന്നെ അബുദാബിയിലെ മാതാപിതാക്കളുടെയടുത്തേക്കു മടങ്ങി.

ബുക്കാറെസ്റ്റില്‍നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനമടക്കം നാലു വിമാനങ്ങള്‍കൂടി ഇന്നു ഡല്‍ഹിയില്‍ എത്തുന്നുണ്ട്. നാളെയും എട്ടു ഫ്‌ലൈറ്റുകള്‍ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ന്നു ഡല്‍ഹിയിലേക്കും മുംബൈയിലേക്കും സര്‍വീസ് നടത്തുമെന്നാണ് അറിയിപ്പ്. ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാര്‍ത്ഥികളേയും അതിവേഗത്തില്‍ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയര്‍പോര്‍ട്ടില്‍ സജ്ജമാണ്.
യുക്രൈയിനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവിടെയുള്ള മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ സദാ ശ്രദ്ധിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം. യുദ്ധം രൂക്ഷമായ ഖാര്‍കിവില്‍നിന്ന് അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് യുക്രൈയിനിലെ ഇന്ത്യന്‍ എംബസി ഏറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിച്ചു സുരക്ഷിതരായി നീങ്ങാന്‍ ശ്രദ്ധിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here